പിതാവിന് കൂട്ടിരുന്ന യുവാവിനും കോവിഡ്; ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്താതെ അധികൃതര്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോവിഡ് നിരീക്ഷണവാര്‍ഡില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കൊപ്പം കൂട്ടിരിപ്പുകാര്‍ വേണമെന്ന വിചിത്ര നിബന്ധനയുമായി അധികൃതര്‍. വിദേശത്തു നിന്നെത്തിയ പിതാവിന് കൂട്ടിരിപ്പുകാരനായി വാര്‍ഡിലേക്കു കടത്തിവിട്ട യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി രേഖകളുണ്ടെങ്കിലും ഔദ്യോഗിക കണക്കില്‍ പെടുത്തിയിട്ടില്ല.

കോവിഡ് പോസിറ്റീവായതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ യുവാവ്, 14 ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കൊപ്പം കൂട്ടിരുപ്പുകാരായുണ്ടായിരുന്ന ഏഴുപേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി രേഖകളിലുണ്ട്.

കൊല്ലം സ്വദേശിയായ പ്രവാസി നാട്ടിലെത്തിയത് 18 നാണ്. രോഗലക്ഷ്ണങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് നേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ക്ഷേമമന്വേഷിക്കാനെത്തിയ മകനോട് പിതാവിന് കൂട്ടിരിക്കാന്‍ ആവശ്യപ്പെട്ടു. പിതാവിന് രോഗം സ്ഥിരീകരിച്ചു. ഇതോടെ കൂട്ടിരുന്ന മകനെയും അഡ്മിറ്റ് ചെയ്തു. ആശുപത്രി രേഖകളില്‍ തന്നെ ബൈ സ്റ്റാന്‍ഡര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 ലെയും 25 ലെയും ആശുപത്രി രേഖകളില്‍ മകനും കോവിഡ് പോസിറ്റീവാണ്. മാത്രമല്ല ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചെന്നും കോവിഡ് രോഗികള്‍ കിടക്കുന്ന വാര്‍ഡിലേയ്ക്ക് മാറ്റിയെന്നും മകന്‍ പറയുന്നു.

അതേസമയം, തിരുവനന്തപുരത്തെ ലിസ്റ്റിലോ സ്വദേശമായ കൊല്ലത്തെ ലിസ്റ്റിലോ ഇയാളുടെ പേരില്ല. ഇനി ഇദ്ദേഹത്തിന് രോഗമില്ലെങ്കില്‍ത്തന്നെ എന്തിന് ഇത്രയും ദിവസമായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു. കോവിഡ് നിരീക്ഷണ വാര്‍ഡില്‍ ബൈസ്റ്റാന്‍ഡറായി യാതൊരു സമ്പര്‍ക്കവുമില്ലാത്ത ഒരാളെ നിര്‍ത്താമോ തുടങ്ങിയ കാര്യങ്ങള്‍ക്ക് ആശുപത്രി അധികൃതര്‍ മറുപടി പറയേണ്ടി വരും.

രോഗലക്ഷണങ്ങളോടെ ഗള്‍ഫില്‍ നിന്നെത്തുന്ന ഒരാള്‍ക്ക് നൂറുശതമാനവും പോസിറ്റീവ് ആകാനുള്ള സാധ്യതയുണ്ട്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കുടുംബാംഗങ്ങളുമായി പോലും ബന്ധപ്പെടരുതെന്ന് ആവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് അധികൃതര്‍തന്നെയാണ് ആശുപത്രികളില്‍ രോഗവ്യാപനത്തിന് വഴിയൊരുക്കുന്നതും.

Top