‘കീ’ന്ന് ഹോണ്‍ അടിച്ച് കേറ്റിയാല്‍, ‘ഠേ’ന്ന് വെടിവെക്കും, അതിന് വിവരമില്ല; മേയര്‍ക്കെതിരെ മുരളീധരന്‍

കൊച്ചി: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വീണ്ടും കെ.മുരളീധരന്‍ എംപി രംഗത്ത്. സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചു രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തെ ചൂണ്ടിയായിരുന്നു പരിഹാസം.

‘തിരുവനന്തപുരം മേയറെ മുന്‍പ് വിമര്‍ശിച്ചതിനാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി. അതിനു വിവരമില്ല. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറുകൊണ്ട് അതിക്രമിച്ചു കയറുകയാണ്, ആരെങ്കിലും ചെയ്യുമോ. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാല്‍ സ്‌പോട്ടില്‍ വെടിവയ്ക്കുകയെന്നതാണ് നയം.

കീ..’ എന്ന് ഹോണ്‍ അടിച്ചങ്ങ് കയറ്റുകയാണ്. അതിന് ‘ഠേ..’ എന്ന് വെടിവെച്ചാകും മറുപടി. ഇതൊക്കെയൊന്ന് പറഞ്ഞു കൊടുക്കാന്‍ ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിലില്ലേ എന്ന് മുരളീധരന്‍ പരിഹസിച്ചു. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വ്യക്തിപരമായ അധിക്ഷേപം.

രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തോടു റിപ്പോര്‍ട്ട് തേടിയിരുന്നു. 23ന് രാവിലെ 11ന് എത്തിയ രാഷ്ട്രപതി വിമാനത്താവളത്തിലിറങ്ങി പൂജപ്പുരയിലെ സമ്മേളന സ്ഥലത്തേക്കു വരുമ്പോഴായിരുന്നു സംഭവം.

പ്രോട്ടോക്കോള്‍ പ്രകാരം വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത വിഐപി വാഹനങ്ങളെല്ലാം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനു പിറകിലായാണു വരേണ്ടത്. ചാക്കയിലെത്തിയപ്പോള്‍ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന്റെ ഏറ്റവും പിറകിലുള്ള എസ്‌കോര്‍ട്ട് വാഹനത്തെ മറികടന്നു.

രാഷ്ട്രപതിയുടെ സുരക്ഷാ വ്യൂഹത്തിലെ നാല് കാറുകളെയും മറികടന്നു ഡിജിപിയുടെ വാഹനത്തിന് അടുത്തെത്തി. തുടര്‍ന്നു ഡിജിപിയുടെ വാഹനത്തിനു തൊട്ടുപിറകിലുള്ള കാര്‍ മേയറുടെ വണ്ടി കടത്തി വിടാതെ റോഡിന്റെ മധ്യ ഭാഗത്തേക്ക് ഓടിച്ചു കയറ്റി പ്രതിരോധിച്ചു. സംഭവം സുരക്ഷാ വീഴ്ചയായി കേന്ദ്ര സുരക്ഷാ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു.

Top