തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി ഓടുന്നത് ആഴ്ചയില്‍ 5 ദിവസം; യാത്രക്കാര്‍ക്ക് നഷ്ടം 8,324 സീറ്റുകള്‍

പത്തനംതിട്ട: തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി ആഴ്ചയില്‍ രണ്ടുദിവസം സര്‍വീസ് നടത്താത്തതു മൂലം യാത്രക്കാര്‍ക്കു ഇരുദിശയിലുമായി നഷ്ടമാകുന്നത് 8,324 സീറ്റുകള്‍. 21 കോച്ചുകളിലായി 2081 സീറ്റുകളാണു ട്രെയിനിലുള്ളത്. കണ്ണൂരില്‍ ട്രെയിന്‍ അറ്റകുറ്റപ്പണി സൗകര്യമില്ലാത്തതു മൂലമാണ് ആഴ്ചയില്‍ 5 ദിവസം മാത്രം ട്രെയിന്‍ ഓടിക്കുന്നത്. കണ്ണൂരില്‍ നിന്ന് ബുധന്‍, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസ് ചൊവ്വ, ശനി ദിവസങ്ങളിലുമാണ് ഇല്ലാത്തത്. 2014ല്‍ സിഎജി റിപ്പോര്‍ട്ടില്‍ ട്രെയിന്‍ 2 ദിവസം ഓടിക്കാത്തതിനാല്‍ 15 കോടി രൂപയുടെ നഷ്ടം റെയില്‍വേയ്ക്ക് ഉണ്ടായെന്നാണു കണക്ക്.

കണ്ണൂരില്‍ ട്രെയിന്‍ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്ലൈന്‍ നിര്‍മിച്ചാല്‍ ട്രെയിന്‍ പ്രതിദിനമാക്കാന്‍ കഴിയുമെങ്കിലും റെയില്‍വേ ചെയ്തിട്ടില്ല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബിപിസിഎല്‍ ഇന്ധന ഡിപ്പോയും ലൈനുകളും മാറ്റാതിരുന്നതു മൂലമാണു പിറ്റ്ലൈന്‍ നിര്‍മാണം നടക്കാതെ പോയത്. ട്രെയിനിനു തീവച്ച സംഭവം ഉണ്ടായതോടെയാണു ഇപ്പോള്‍ ഇന്ധന ഡിപ്പോ പൂട്ടാന്‍ ഒരുങ്ങുന്നത്.

മലബാറിലെ യാത്രാ ക്ലേശം പരിഹരിക്കണമെങ്കില്‍ കണ്ണൂരില്‍ പുതിയ പിറ്റ്ലൈന്‍ സൗകര്യം കൂടി ഒരുക്കണം. ഇത് മംഗളൂരു പിറ്റ്ലൈനിലെ ലോഡ് കുറയ്ക്കും. കഴിഞ്ഞ 10 വര്‍ഷമായി കണ്ണൂരില്‍ പിറ്റ്ലൈന്‍ നേടിയെടുക്കാന്‍ കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ല. പ്രഖ്യാപിച്ച നാലാം പ്ലാറ്റ്‌ഫോം നിര്‍മാണവും ഇന്ധന ഡിപ്പോ പ്രശ്‌നത്തില്‍ തട്ടി മുന്നോട്ടു പോയില്ല. ആലപ്പുഴ വഴിയുള്ള വന്ദേഭാരതില്‍ അടിയന്തരമായി 8 കോച്ച് എന്നത് 16 ആക്കി മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്.

Top