കഠിനംകുളം പീഡനം; യുവതിയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു

തിരുവനന്തപുരം: മദ്യം കുടിപ്പിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഘം ചെയ്ത യുവതിയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. യുവതിക്ക് നേരേ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിക്കാനാണ് വസ്ത്രങ്ങള്‍ പരിശോധിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ബാഗും ചെരിപ്പുകളും ഷാളും പോലീസ് കണ്ടെടുത്തിരുന്നു.യുവതിയുടെ മുഖത്തും ശരീരത്തിലും നഖത്തിന്റെയും പല്ലിന്റെയും പാടുകളുമുണ്ട്.

അതേസമയം കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മനോജ് എന്നയാളാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന സ്ത്രീയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അക്രമിസംഘത്തിന്റെ അടുത്തെത്തിച്ചത് മനോജാണെന്ന് പൊലീസ് പറയുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

അതിനിടെ, കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും പ്രതികളെ ഹാജരാക്കുക.

തിരുവനന്തപുരം കഠിനംകുളത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ഭര്‍ത്താവിന് പുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ (40), ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ (20), ചാന്നാങ്കര അന്‍സി മന്‍സിലില്‍ അര്‍ഷാദ് (35), പള്ളിപ്പുറം സി.ആര്‍.പി.എഫ്. ജങ്ഷന്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ നൗഫല്‍ ഷാ (27), പോത്തന്‍കോട് പാലോട്ടുകോണം കരിമരത്തില്‍ വീട്ടില്‍ അന്‍സാര്‍ (33), വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രാജന്‍ സെബാസ്റ്റ്യന്‍ (62) എന്നിവരാണ് പിടിയിലായത്.യുവതിയെ കൊണ്ടു പോയ ഓട്ടോറിക്ഷയുടെ ഉടമ നൗഫലാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.ഒപ്പമുണ്ടായിരുന്ന മകന്റെ മുന്നില്‍വെച്ചാണ് ക്രൂരമായ പീഡനത്തിനിരയായത്.

Top