യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഓഗസ്റ്റ് മാസത്തില്‍ 3.73 ലക്ഷം പേരാണ് എയർപോർട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യാത്രക്കാരുടെ എണ്ണം 2.95 ലക്ഷം ആയിരുന്നു. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതിദിനം ശരാശരി 12,000ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. പ്രതിദിനം വന്നുപോകുന്ന വിമാനങ്ങൾ എണ്‍പതിലേറെ. കഴിഞ്ഞ മാസം ആകെ 2416 വിമാനങ്ങളാണ് സർവീസ് നടത്തിയത്. ആകെ യാത്രക്കാരിൽ 1.97 ലക്ഷം പേർ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കാണ് യാത്ര ചെയ്തത്. വിദേശത്തേക്ക് പറന്നത് 1.75 ലക്ഷം പേർ. ആഴ്ചയിൽ ശരാശരി 126 സർവീസുകളാണ് നിലവിൽ വിദേശ രാജ്യങ്ങളിലേക്കുള്ളത്. ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 154 ആണ്.

മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടിയതോടെ നിരക്ക് കുറയുകയും വിദേശത്തേക്കുള്ള കണക്ടിവിറ്റി വർധിക്കുകയും ചെയ്തു. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

Top