തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ധാരാളം മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചിട്ട് കാര്യമല്ല. നമുക്ക് വേണ്ടത് നല്ല സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രികളാണ്. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ ജില്ലാ ജനറല്‍ ആശുപത്രികളിലേക്ക് കൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. ഇതിലൂടെ മെഡിക്കല്‍ കോളേജില്‍ പോകാതെ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജനറല്‍ ആശുപത്രികളില്‍ ഈ മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ക്ക് പുറമേ യൂറോളിജി വിഭാഗവും സജ്ജമാക്കി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ 7.5 കോടി രൂപ ചെലവഴിച്ച് കാത്ത് ലാബ് സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിത്തന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ്. രാജ്യത്തെ മികച്ച 12 കുടുംബാരോഗ്യ കേന്ദ്രങ്ങളും കേരളത്തിലാണ്. ജീവിത ശൈലീരോഗ നിയന്ത്രണത്തിന് യു.എന്‍. പുരസ്‌കാരവും കൊവിഡ് പ്രതിരോധത്തിന് ഇന്ത്യാ ടുഡേ പുരസ്‌കാരവും കേരളത്തിന് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

Top