തിരുവനന്തപുരത്ത് വീട്ടില്‍ തീ പിടിത്തം: മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: പിഎംജിയിലെ വികാസ് ലെയിനിലെ ഒരു വീട്ടില്‍ തീപിടിത്തം. തീപിടിത്തമുണ്ടായ മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. ഇതാരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല.

വികാസ് ലെയിനിലെ അഞ്ചാം നമ്പര്‍ വീട്ടിലാണ് രാത്രി പത്തേകാലോടെ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും പൊലീസുമെത്തി തീയണച്ചു. രണ്ട് നിലകളുള്ള വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഈ മുറിയിലാണ് മൃതദേഹം കണ്ടത്.

അതേസമയം ആരാണ് ഈ വീട്ടില്‍ താമസിക്കുന്നത് എന്ന കാര്യത്തില്‍ അയല്‍വക്കത്തുള്ള ആര്‍ക്കും കൃത്യമായ ധാരണയില്ല. ഗള്‍ഫിലുള്ള ഒരാളുടെ വീടാണിത്. ഈ വീട് വാടകയ്ക്ക് നല്‍കുകയായിരുന്നു. കെഎസ്ഇബിയില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥയും അവരുടെ ഭര്‍ത്താവുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നതെന്നും അയല്‍ക്കാര്‍ പറയുന്നു.

വീട്ടുടമസ്ഥന്‍ എന്‍ആര്‍ഐ ആയതിനാല്‍ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഒരു മുറിയില്‍ മാത്രമാണ് തീ പിടിച്ചിരിക്കുന്നത്. മുറിയിലെ ചില്ല് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വന്ന് നോക്കിയത്. അവിടെയാണ് മൃതദേഹം കണ്ടത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. ആരെന്ന് വ്യക്തമായിട്ടില്ലന്ന് കന്റോണ്‍മെന്റ് എസിപി സുനീഷ് ബാബു വ്യക്തമാക്കി.

Top