ലോക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ജനങ്ങള്‍ അടുത്തുള്ള കടകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണമെന്നും അടിയന്തര കാര്യങ്ങള്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ ഇപ്പോഴും കൊവിഡ് വ്യാപനം ഗുരുതരമാണ്. ഒമ്പത് ദിവസത്തെ ലോക് ഡൗണ്‍ കൊണ്ട് നില ചെറിയ തോതില്‍ മെച്ചപ്പെടുത്തി. സ്ഥിതി ഗുരുതരമാവുന്ന സി വിഭാഗം കേസുകള്‍ ജില്ലയില്‍ ഇപ്പോഴും കൂടുതലാണ്. അതിനാല്‍ സംസ്ഥാന അതിര്‍ത്തികളില്‍ നേരത്തെയുള്ള നിയന്ത്രണങ്ങള്‍ അതേ പടി തുടരും. ജനങ്ങള്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം ഉള്‍പ്പടെ നാല് ജില്ലകളിലാണ് സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക് ഡൗണ്‍. ജില്ലാ അതിര്‍ത്തികള്‍ അടച്ചു.

പൊലീസ് പരിശോധന കര്‍ശനമായി തുടരുകയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും. അവശ്യസാധനങ്ങള്‍ കിട്ടുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് തുറക്കുന്നത്. ഹോട്ടലുകളില്‍ പാഴ്‌സലില്ല. പകരം ഹോം ഡെലിവറി മാത്രമാണ് ഉള്ളത്.

 

Top