തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം : തലസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൗണ്‍സില്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്.

എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി ചാക്ക കൗണ്‍സിലറായ സിപിഐഎമ്മിന്റെ കെ ശ്രീകുമാര്‍ ആണ് മത്സരിക്കുന്നത്. പേട്ട കൗണ്‍സിലര്‍ ഡി അനില്‍കുമാറാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി. നേമം കൗണ്‍സിലര്‍ എം ആര്‍ ഗോപനാണ് ബിജെപി സ്ഥാനാര്‍ഥി.

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ മേയര്‍ സ്ഥാനര്‍ഥിയായി എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാളെ തെരഞ്ഞെടുക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത് അനുസരിച്ചാണ് കെ ശ്രീകുമാര്‍ മത്സരരംഗത്തേക്ക് എത്തിയത്. അംഗബലത്തിന്റെ കണക്കില്‍ ഇടതു സ്ഥാനാര്‍ത്ഥി മേയറായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

മേയറായിരുന്ന വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതോടെയാണ് പുതിയ മേയറെ തെരഞ്ഞെടുക്കേണ്ടി വന്നത്. കളക്ടറാണ് വരണാധികാരി. 100 സീറ്റുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് 43 , ബിജെപിക്ക് 35, യുഡിഎഫ് 21, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

Top