തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരേ വീണ്ടും അതിക്രമം

തിരുവനന്തപുരം: ജില്ലയില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ വീണ്ടും അതിക്രമം. ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്ററിലെ വനിതാ ഡോക്ടറാണ് ശനിയാഴ്ച അര്‍ധരാത്രി അതിക്രമത്തിനിരയായത്. ചികിത്സയ്‌ക്കെത്തിയ രണ്ടു പേര്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ചെരിപ്പ് ഊരി എറിഞ്ഞെന്നുമാണ് പരാതി.

അര്‍ധരാത്രി 12 മണിയോടെ കൈക്ക് പരിക്കേറ്റാണ് രണ്ടു പേര്‍ മെഡിക്കല്‍ സെന്ററിലെത്തിയത്. ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും നഴ്‌സിനോടും അതിക്രമം കാട്ടിയെന്നാണ് ആരോപണം. ഇവരിലൊരാള്‍ മെഡിക്കല്‍ സെന്ററിന് സമീപത്ത് കട നടത്തുന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഡിവൈ.എസ്.പി.ക്ക് നേരിട്ട് പരാതി നല്‍കുമെന്ന് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു.

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സര്‍ക്കാര്‍ ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടറെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. മദ്യലഹരിയിലെത്തിയ രണ്ടുപേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സുരക്ഷാജീവനക്കാരനെയും ആക്രമിച്ചത്.

ഈ സംഭവത്തില്‍ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെ എറണാകുളം ആലുവയിലും ഡോക്ടര്‍ക്ക് നേരേ ആക്രമണമുണ്ടായി. ഈ കേസിലെ പ്രതി പത്ത് ദിവസങ്ങള്‍ക്ക് ശേഷം പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

Top