തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്; സര്‍ക്കാര്‍ ഹര്‍ജി തള്ളി ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സിഎസ് ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ടെന്‍ഡര്‍ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാന്‍ ആകില്ല. ഒരു എയര്‍പോര്‍ട്ടിന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ടിലേക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്നത് ശരിയല്ലെന്നും കോടതി നീരിക്ഷിച്ചു.

സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ലേല നടപടികള്‍ സുതാര്യമല്ലെന്നും സര്‍ക്കാര്‍ ആരോപിച്ചു. ലേല നടപടികള്‍ അദാനിക്ക് വേണ്ടി ടൈലര്‍ മെയ്ഡ് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

നേരത്തെ ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവുകളോടെ കേരളത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹര്‍ജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹത ഇല്ലെന്നും വിശാലമായ പൊതു താല്പര്യം മുന്‍ നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top