തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്; കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയെ സമീപിച്ചു. അദാനി ഗ്രൂപ്പിന് മുമ്പ് വിമാനത്താവളം നടത്തിയുള്ള മുന്‍ പരിചയം ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവള നടത്തിപ്പ് കൈമാറ്റം പൊതുതാത്പര്യത്തിന് അനുസൃതമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറുന്നതില്‍ ക്രമക്കേട് ഉണ്ട്. വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സംസ്ഥാന സര്‍ക്കാരാണ് പൂര്‍ത്തിയാക്കിയത്. അതിനാല്‍ വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന കമ്പനിക്ക് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കേരള സര്‍ക്കാരിന് ഓഹരി പങ്കാളിത്തമള്ള കമ്പനികള്‍ക്കാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിമാനത്താവളത്തിന്റെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരം കമ്പനിക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവെച്ചത്. അദാനി ഗ്രൂപ്പ് നല്‍കുന്ന അതെ തുകയ്ക്ക് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top