സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പൊലീസുകാര്‍ക്കിടയില്‍ വാക്ക് തര്‍ക്കം

police

തിരുവനന്തപുരം; പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി തിരുവനന്തപുരത്ത് പൊലീസുകാര്‍ തമ്മില്‍ വാക്ക് തര്‍ക്കം. തിരച്ചറിയല്‍ കാര്‍ഡ് വിതരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് ഇടത്, വലത് സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

സഹകരണ സംഘം തെരഞ്ഞെടുപ്പ് 27-ാം തീയതി നടക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും വോട്ടിങ്ങിന് അനുവാദം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വൈകുന്നുവെന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ആരോപണം. നാലായിരത്തോളം അപേക്ഷകരില്‍ 600 പേര്‍ക്ക് മാത്രമാണ് കാര്‍ഡ് ലഭിച്ചത്. വിതരണത്തിന് ഒരു ദിവസം മാത്രം ശേഷിക്കുമ്പോളും ഭൂരിഭാഗം പേര്‍ക്കും കാര്‍ഡ് നല്‍കാത്തത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടത് നീക്കമാണന്നും ആരോപിക്കുന്നു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് എ ആര്‍ ക്യാംപില്‍വെച്ച് നേരിയ സംഘര്‍ഷമുണ്ടായത്.

മ്യൂസിയം സിഐയുടെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പിരിഞ്ഞു പോകണമെന്ന നിര്‍ദ്ദേശം അവഗണിച്ച് പിന്നീടും കോണ്‍ഗ്രസ് അനുകൂല പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേരത്തെ ഇരു വിഭാഗവും തമ്മിലുള്ള തര്‍ക്കം മൂലം വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. തിരുവനന്തപുരം പൊലീസ് കമ്മീഷണറെ രൂക്ഷമായി വിമര്‍ശിച്ച കോടതി ക്രമസമാധാനം ഉറപ്പാക്കന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിനെയെല്ലാം മറികടന്നാണ് ക്രമസമാധാനം സംരക്ഷിക്കേണ്ട പൊലീസുകാര്‍ പരസ്പരം ഏറ്റുമുട്ടിയത്.

Top