തിരുവമ്പാടി ശിവസുന്ദറിന് പകരം ഇരിഞ്ഞാടപ്പിള്ളി ശിവന്‍; പത്തടി ഉയരം, 800 കിലോയിലേറെ തൂക്കം വരുന്ന റോബോട്ടിക് കൊമ്പന്‍

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്ന ഗജരാജന്‍ തിരുവമ്പാടി ശിവസുന്ദറിന് പകരക്കാരനാകാന്‍ ‘ഇരിഞ്ഞാടപ്പിള്ളി ശിവന്‍’ വരുന്നു. പത്തടി ഉയരം, 800 കിലോയിലേറെ തൂക്കം വരുന്ന ഒരു റോബോട്ടിക് കൊമ്പനാണ് ഇരിഞ്ഞാടപ്പിള്ളി ശിവന്‍. ഇരുമ്പുകൊണ്ടുള്ള ചട്ടക്കൂടിനു പുറത്ത് റബ്ബര്‍കൊണ്ടാണ് ഈ ആനയെ നിര്‍മിച്ചിരിക്കുന്നത്. കല്ലേറ്റുങ്കര ഇരിഞ്ഞാടപ്പിള്ളി മന ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇരിഞ്ഞാടപ്പിള്ളി രാമനെന്ന റോബോട്ടിക് ആനയെ നടയിരുത്തി ഒരു വര്‍ഷം തികയുമ്പോഴാണ് അവിടേക്ക് ഇരിഞ്ഞാടപ്പിള്ളി ശിവനുമെത്തുന്നത്.

അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ചലനം. വൈദ്യുതിയും ബാറ്ററിയും ഉപയോഗിക്കുന്നുണ്ട്. ആനയുടെ തല, ചെവികള്‍, കണ്ണ്, വായ, വാല് എന്നിവ സദാസമയം ചലിക്കും. ട്രോളിയിലാണ് സഞ്ചാരം. റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ട്രോളിയിലേക്ക് ആനയെ മാറ്റാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. പറവൂര്‍ സ്വദേശി സൂരജ് നമ്പ്യാട്ടും സംഘവുമാണ് ശിവനെ ഒരുക്കിയിരിക്കുന്നത്. ഇരിഞ്ഞാടപ്പിള്ളി രാമനെന്ന റോബോട്ടിക് ആന ഒട്ടേറെ ഉത്സവങ്ങള്‍ക്കും പള്ളിപ്പെരുന്നാളുകള്‍ക്കും നേര്‍ച്ചകള്‍ക്കും പങ്കെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 10-ന് ക്ഷേത്രത്തില്‍ ഈ റോബോട്ടിക് ആനയ്ക്ക് സ്വീകരണം നല്‍കും.

Top