തിരുവല്ലയില്‍ കാര്‍ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ മുങ്ങി

പത്തനംതിട്ട: തിരുവല്ലയില്‍ വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാര്‍ റെയില്‍വേ അടിപ്പാതയിലെ വെള്ളത്തില്‍ മുങ്ങി. കാറില്‍ സഞ്ചരിച്ചിരുന്ന വയോധികന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. എം.സി. റോഡിനെയും ടി.കെ. റോഡിനെയും തമ്മില്‍ ബന്ധപ്പിക്കുന്ന തിരുമൂലപുരം- കറ്റോട് പാതയിലെ ഇരുവള്ളിപ്പാറ റെയില്‍വെ അടിപ്പാതയിലാണ് സംഭവം.

തിരുവന്‍വണ്ടൂര്‍ സ്വദേശി കൃഷ്ണന്‍ നമ്പൂതിരിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം തിരിച്ചറിയാതെയാണ് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. കാര്‍ ഓഫായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതു കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

ഇതുവഴിയുള്ള ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിപ്പാതയിലെ വെള്ളക്കെട്ട് നീക്കുവാന്‍ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം പലതരത്തില്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. വെള്ളം പോയതിന് ശേഷമാത്രമേ അടിപ്പാത ഗതാഗതത്തിനായി തുറന്നു നല്‍കൂവെന്ന് പൊലീസ് അറിയിച്ചു.

Top