തിരുവാഭരണത്തിന്റെ കണക്കെടുപ്പ് ഉടന്‍, ആഭരണത്തിന്റെ മാറ്റ് നോക്കുന്നത് സ്വര്‍ണ്ണ പണിക്കാരന്‍!

തിരുവനന്തപുരം: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പും പരിശോധനയും സുപ്രീംകോടതി ഉത്തരവ് ലഭിച്ചാല്‍ നടത്തുമെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. തിരുവാഭരണത്തിന്റെ കണക്കെടുപ്പ് നടത്താനാണ് വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ സുപ്രീംകോടതി നിയമിച്ചത്. പരിശോധന തുടങ്ങി നാല് ആഴ്ചയ്ക്കകം സുപ്രീംകോടതിയില്‍ രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാമചന്ദ്രന് നിര്‍ദേശമുണ്ട്. അതിന് ശേഷമായിരിക്കും മേല്‍നോട്ടം ആര്‍ക്ക് നല്‍കണം എന്ന് തീരുമാനിക്കുക.

അതേസമയം, പരിശോധനക്ക് മുന്നോടിയായി പന്തളം കൊട്ടാരത്തിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയക്കും. ആഭരണത്തിന്റെ മാറ്റ് നിശ്ചയിക്കാനായി സ്വര്‍ണ്ണ പണിക്കാരന്റെ സഹായം തേടും.

പന്തളം രാജകുടുംബത്തിലെ അവകാശ തര്‍ക്കത്തെതുടര്‍ന്നാണ് മുന്‍ ഹൈക്കോടതി ജഡ്ജി സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ തിരുവാഭരണത്തിന്റെ കണക്കെടുപ്പിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്. തിരുവാഭരണത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. ആദ്യം തിരുവാഭരണം എല്ലാം ഉണ്ടോ എന്ന് പരിശോധിക്കണം. എണ്ണവും തരവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് റിട്ട ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ചുമതലപ്പെടുത്തിയത്.

രാമവര്‍മയുടെ സത്യവാംങ്മൂലത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്ന 100 വയസുള്ള രേവതി തിരുന്നാള്‍ രാമവര്‍മയുടെ ഒപ്പ് തന്നെയാണോ സത്യവാംങ്മൂലത്തിലെന്ന് ഉറപ്പുവരുത്താനാണ് പത്തനംതിട്ട ജില്ലാ ജഡ്ജിയെ നിയോഗിച്ചത്. രാമവര്‍മയെ നേരില്‍ കണ്ട് വിശ്വാസ്യത ഉറപ്പാക്കാനാണ് നിര്‍ദ്ദേശം.

Top