കുവൈറ്റില്‍ ഇഖാമ നിയമ ലംഘനത്തിന് പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി

കുവൈറ്റ് സിറ്റി ഇഖാമ നിയമ ലംഘനത്തിന് കുവൈറ്റില്‍ പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി. ഇനി ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിധം വിരലടയാളം എടുത്താണ് ഇവരെ നാടുകടത്തിയത്. ഇതോടെ വായ്പയെടുത്തും മറ്റും നാല് ലക്ഷം രൂപ വരെ ഏജന്‍സി കമീഷന്‍ നല്‍കി വിസയെടുത്ത് വന്നവരാണ് വെറും കൈയോടെ മടങ്ങിയത്.

അടുത്തിടെ മനുഷ്യക്കടത്തു സംഘങ്ങളുടെ കെണിയില്‍ കുടുങ്ങി കുവൈറ്റിലെ ജയിലില്‍ കഴിഞ്ഞിരുന്നവരാണ് നാടുകടത്തപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെടാണ് ഇവരുടെ തിരിച്ചു പോക്കിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. ഡിസംബര്‍ 27ന് ആഭ്യന്തര വകുപ്പ് നടത്തിയ റെയ്ഡില്‍ മലയാളികള്‍ ഉള്‍പ്പെടെ നാനൂറോളം പേര്‍ പിടിയിലായിരുന്നു. വൈകുന്നേരം ആളുകള്‍ ജോലി കഴിഞ്ഞ് താമസയിടങ്ങളില്‍ എത്തിക്കൊണ്ടിരിക്കുമ്പോഴാണ് വന്‍ സന്നാഹത്തോടെ അബ്ബാസിയയില്‍ പൊലീസ് റെയ്ഡിനെത്തിയത്. അന്ന് പിടിയിലായവര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്.

എന്നാല്‍ പണം വാങ്ങി വിസ നല്‍കിയ ഏജന്റുമാരോ സ്‌പോണ്‍സര്‍മാരോ ഇവരുടെ സഹായത്തിനെത്തുന്നില്ല. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അഞ്ച് കമ്പനികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. 2000ത്തോളം വിദേശികളാണ് വ്യാജകമ്പനികളുടെ വിസയില്‍ അനധികൃതമായി കുവൈത്തിലെത്തിയത്. ഇതില്‍ കുറച്ചു പേര്‍ മാത്രമാണ് പിടിയിലായത്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനക്കൊരുങ്ങുകയാണ്.

Top