ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്ത് പകരാന്‍ ഐഎന്‍എസ് കരഞ്ച് എത്തുന്നു

INS Karanj

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ പുതിയ അന്തര്‍വാഹിനി കൂടി എത്തുന്നു. പ്രോജക്ട് 75 ന്റെ ഭാഗമായി ഫ്രഞ്ച് സഹകരണത്തോടെ നിര്‍മ്മിക്കുന്ന മൂന്നാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് ആണ് നാവിക സേനയുടെ ഭാഗമാകുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ അന്തര്‍വാഹിനി ജനുവരി 31 നീരണിയും.

ഗോവയിലെ മസഗോണ്‍ ഡോക്കിലാണ് ഐഎന്‍എസ് കരഞ്ചിന്റെ നിര്‍മാണം നടന്നത്. 1565 ടണ്‍ ഭാരമുള്ള ഈ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി, ഐഎന്‍എസ് ഖണ്ഡേരി എന്നിവയുടെ തുടര്‍ച്ചയാണ്. 2019 മധ്യത്തോടെ ഐഎന്‍എസ് കരഞ്ച് നാവികസേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്നുമായി സഹകരിച്ച് ആറ് ഡീസല്‍ ഇലക്ട്രിക് എഞ്ചിന്‍ അന്തര്‍വാഹിനികളാണ് ഇന്ത്യ നിര്‍മിക്കുന്നത്.

2017 ഡിസംബറില്‍ ആദ്യത്തെ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരി നാവികസേനയ്ക്ക് കൈമാറി. രണ്ടാമനായ ഐഎന്‍എസ് ഖണ്ഡേരി ഈ മാസം ആദ്യം നിര്‍മാണം പൂര്‍ത്തിയാക്കി. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം പകുതിയോടെ നാവികസേയ്ക്ക് കൈമാറും.

നിലവില്‍ നാവികസേനയുടെ ഭാഗമായ സിന്ധുഘോഷ്, ശിശുമാര്‍ ക്ലാസില്‍ പെട്ട ആറ് അന്തര്‍വാഹിനികളുടെ പ്രവര്‍ത്തന കാലാവധി അവസാനിക്കാറായി. ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തി വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ അഞ്ചു വര്‍ഷമെങ്കിലും ആവശ്യമായി വരും.

സമുദ്ര നിരീക്ഷണത്തിനായി നാവികസേനയ്ക്ക് കുറഞ്ഞത് 18 ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 10 അന്തര്‍വാഹിനികളും ആവശ്യമുണ്ട്. ഇതില്‍ നാലെണ്ണം ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാവുകയും വേണം. എന്നാല്‍ ഇന്ത്യയുടെ കൈയില്‍ 13 പരമ്പരാഗത അന്തര്‍വാഹിനികളും രണ്ട് ആണവ അന്തര്‍വാഹിനികളും ഒരു ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളുമാണുള്ളത്

Top