മൂന്നാംഘട്ടലോക്ക്ഡൗണ്‍ നാളെ അവസാനിക്കും; പുതിയമാര്‍ഗ നിര്‍ദേശം ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിക്കാനിരിക്കെ പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറപ്പെടുവിച്ചേക്കുമെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തി. യോഗത്തില്‍ സംസ്ഥാനങ്ങളുടെ ശുപാര്‍ശയും ചര്‍ച്ച ചെയ്തു.

രാജ്യത്തെ കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പെട്ടെന്ന് പിന്‍വലിച്ചേക്കില്ല. ഘട്ടംഘട്ടമായി മാത്രമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കൂ. എന്നാല്‍, നാലാംഘട്ട ലോക്ക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്.

നിലവില്‍ ചൈനയെ മറികടക്കുന്ന കണക്കുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 81970 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. പ്രവാസികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും മടക്കവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വെല്ലുവിളിയാണ്.

Top