മൂന്നാംഘട്ടലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുന്നു; നാലാംഘട്ട ലോക്ക്ഡൗണ്‍ നിര്‍ദേശം ഇന്ന്

ന്യൂഡല്‍ഹി: മെയ് 4 ന് പ്രഖ്യാപിച്ച ലോക്ക് ടൗണിന്റെ മൂന്നാം ഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ നാലാം ഘട്ട ലോക്ക് ഡൗണിനുള്ള മാര്‍ഗ നിര്‍ദ്ദേശം ഇന്ന് പുറത്തിറക്കും. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ തൊണ്ണൂറായിരത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. മേയ് മുപ്പത്തിയൊന്ന് വരെയാകും നാലാം ഘട്ട ലോക്ക് ഡൗണ്‍. മാര്‍ഗ നിര്‍ദ്ദേശത്തിന് ആഭ്യന്തര മന്ത്രാലയം ഇന്നലെ അന്തിമ രൂപം നല്‍കിയെന്നാണ് വിവരം. റെഡ്‌സോണ്‍ മേഖലകള്‍ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ചുരുക്കിയേക്കും.

നാലാം ഘട്ട ലോക്ക് ഡൗണില്‍ പൊതുഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനും ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കാനും തീരുമാനമുണ്ടാകും. കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തിന് ജില്ലാ ഭരണകൂടത്തിന് ഉത്തരവാദിത്തം നല്‍കി കര്‍ശന മാര്‍ഗ നിര്‍ദ്ദേശം വന്നേക്കും. പ്രത്യേക വിമാനസര്‍വ്വീസുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ആലോചന തുടങ്ങിയിട്ടുണ്ട്. മെട്രോ ഭാഗികമായി തുടങ്ങണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും ആരാധനാലയങ്ങളും തുറക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്.

അതേസമയം, ലോക്ക് ഡൗണ്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ 30 നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത അടക്കമുള്ള സ്ഥലങ്ങളില്‍ ആണ് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുക. കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ ഇന്ന് ഉച്ചയോടെ പുറത്തുവരും എന്നാണ് സൂചന.

Top