ഓട്ടോറിക്ഷയുടെയും ഇലക്ട്രിക് റിക്ഷയുടെയും തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കുറയും

 

ന്യൂഡൽഹി : ഓട്ടോറിക്ഷയുടെയും ഇലക്ട്രിക് റിക്ഷയുടെയും തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കുറയും. മറ്റ് വാഹനങ്ങളുടെ പ്രീമിയത്തിൽ മാറ്റമുണ്ടാകില്ല. ഇതുസംബന്ധിച്ച കരടു വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. ഓട്ടോറിക്ഷകളുടെ പ്രീമിയത്തിൽ 408 രൂപയുടെ കുറവുണ്ടായേക്കും.

ഓട്ടോറിക്ഷകളുടെ അടിസ്ഥാന നിരക്ക് 2,593 രൂപയായിരുന്നത് 2,371 ആയും, ഒരു യാത്രക്കാരന്റെ നിരക്ക് 1,214 ആയിരുന്നത് 1,134 ആയും കുറയും. അടിസ്ഥാന നിരക്കിനൊപ്പം 3 യാത്രക്കാരുടെ നിരക്കും ചേർത്താണ് പ്രീമിയം കണക്കാക്കുന്നത്. പ്രീമിയം 6181 ആയിരുന്നത് ഇതോടെ 5,773 ആയി കുറയും. ഇ–റിക്ഷയുടെ അടിസ്ഥാന പ്രീമിയത്തിൽ 265 രൂപയുടെ കുറവുണ്ടാകും. ബേസിക് നിരക്ക് 1,648 രൂപയായിരുന്നത് 1,539 രൂപയായും ഒരു യാത്രക്കാരന്റെ നിരക്ക് 789 രൂപയിൽ നിന്ന് 737 രൂപയായും കുറയും. ചരക്ക് കൊണ്ടുപോകുന്ന പ്രൈവറ്റ് മുചക്രവാഹനങ്ങളുടെ പ്രീമിയം 3,922 രൂപയായിരുന്നത് 4,492 ആയി വർധിക്കും. 570 രൂപയുടെ വർധന.

ഒരു വാഹനം അപകടത്തിൽപ്പെടുമ്പോൾ ആ വാഹനത്തിനും ഉടമയ്ക്കുമല്ലാതെ മറ്റ് ആളുകൾക്കോ വാഹനങ്ങൾക്കോ ഉണ്ടാകുന്ന നാശത്തിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതാണ് തേഡ് പാർട്ടി ഇൻഷുറൻസ്. ഇത് എല്ലാ വാഹനങ്ങൾക്കും നിർബന്ധമായും എടുത്തിരിക്കണം.

Top