സൂര്യകുമാര്‍ യാദവിന്റെ അവസാന അവസരമായിരിക്കും മൂന്നാം ഏകദിനം; വസീം ജാഫറിന്റെ മുന്നറിയിപ്പ്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ഏകദിനം ലോകകപ്പിന് മുമ്പ് മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് അവസാന അവസരമായിരിക്കും എന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. ശ്രേയസ് അയ്യരും കെ കെ എല്‍ രാഹുലും ടീമിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുന്നതിനാല്‍ ഇനിയൊരു അവസരം സ്കൈക്ക് മുന്നിലില്ല എന്ന് ജാഫര്‍ ഉറപ്പിച്ച് പറയുന്നു. വിന്‍ഡീസിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിലും സൂര്യകുമാര്‍ യാദവിന് തിളങ്ങാനായിരുന്നില്ല.

ട്വന്‍റി 20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ടി20യിലെ മികവിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷം മുമ്പ് സൂര്യകുമാര്‍ യാദവിനെ ഏകദിന ടീമിലേക്ക് എടുത്തത്. എന്നാല്‍ ടി20യിലെ സ്വപ്‌ന ഫോം ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ ഇതുവരെ താരത്തിനായിട്ടില്ല. ഇതിനിടെ ഓസ്ട്രേലിയയോട് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായി നാണംകെടുകയും ചെയ്തു. ശ്രേയസ് അയ്യര്‍ക്കും കെ എല്‍ രാഹുലിനും പരിക്കേറ്റതോടെ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും താരത്തിന് പ്രയോജനപ്പെടുത്താനായില്ല. നാലാം നമ്പറില്‍ ശ്രേയസിന്‍റെ പകരക്കാരനായി ലഭിച്ച അവസരങ്ങളിലെല്ലാം സൂര്യ മോശം പ്രകടനമാണ് പുറത്തെടുത്തത്. വിന്‍ഡീസിനെതിരെ കഴിഞ്ഞ രണ്ട് ഏകദിനങ്ങളില്‍ 19, 24 എന്നിങ്ങനെയായിരുന്നു സ്കൈയുടെ സ്കോറുകള്‍. ഏകദിനത്തില്‍ ഒരു ഫിഫ്റ്റി നേടിയിട്ട് 17 ഇന്നിംഗ്‌സുകള്‍ പിന്നിട്ടു. ഏകദിന ഫോര്‍മാറ്റില്‍ 25 മത്സരം കളിച്ച താരത്തിന് 23.8 ബാറ്റിംഗ് ശരാശരി മാത്രമേയുള്ളൂ. ഇതോടെയാണ് വിന്‍ഡീസിന് എതിരായ മൂന്നാം ഏകദിനം സൂര്യക്കുള്ള അവസാന അവസരമാണ് എന്ന് വസീം ജാഫര്‍ വിധിയെഴുതുന്നത്.

‘മൂന്നാം ഏകദിനത്തില്‍ കൂടി സൂര്യകുമാര്‍ യാദവിന് അവസരം ലഭിക്കും. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തുമ്പോള്‍ സൂര്യക്ക് ടീമില്‍ ഇടംകണ്ടെത്തുക പ്രയാസമാകും. വളരെ റിസ്‌ക് എടുത്താണ് സൂര്യ ബാറ്റ് ചെയ്യുന്നത്. അതിനാലാണ് ബൗണ്ടറി നേടാന്‍ ശ്രമിച്ച് വിക്കറ്റ് കളയുന്നത്. റിസ്‌ക് എടുത്ത് കളിക്കുന്നത് സൂര്യയുടെ ശൈലിയാണ്. എന്നാല്‍ ഫോര്‍മാറ്റിന് അനുസരിച്ച് ഇതില്‍ മാറ്റം വരുത്തണം’ എന്നും വസീം ജാഫര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലുള്ള ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ഏഷ്യാ കപ്പിലൂടെ തിരിച്ചുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഏകദിന ടീമില്‍ സൂര്യയുടെ സ്ഥാനം തുലാസിലാകും എന്നുറപ്പാണ്.

Top