Third force plan in next election

തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ വിജയം ലക്ഷ്യമിടുന്ന ‘മൂന്നാം ശക്തി’ ക്ക് പ്രമുഖ സി.പി.എം-കോണ്‍ഗ്രസ്സ് നേതാക്കളെ തോല്‍പ്പിക്കാനും കര്‍മ്മ പദ്ധതി.

ബി.ജെ.പി – ബി.ഡി.ജെ.എസ് സഖ്യമാണ് ഏതാനും സീറ്റുകളിലെ വിജയവും ശക്തിപ്രകടനവും എന്നതിന് പുറമെ രാഷ്ട്രീയ എതിരാളികളുടെ തോല്‍വിയും ഉറപ്പ് വരുത്താന്‍ സാഹസത്തിന് മുതിരുന്നത്.

പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവര്‍ മത്സരിക്കുകയാണെങ്കില്‍ അവരുടെ പരാജയം ഉറപ്പ് വരുത്താന്‍ തന്ത്രപരമായ സമീപനം സ്വീകരിക്കാനാണ് നീക്കം.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആര്‍.എസ്.എസ്. നേതൃത്വവുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

ഈ മൂന്ന് നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി ഏത് മുന്നണിയുടെതായാലും അവര്‍ക്ക് ‘രഹസ്യ’ പിന്‍തുണ നല്‍കാനാണ് ആലോചന. പരസ്യമായ നിലപാട് സ്വീകരിച്ചാല്‍ പണി പാളുമെന്ന് കണ്ടാണ് ഇത്.

ഏത് മുന്നണി അധികാരത്തില്‍ വന്നാലും തങ്ങളുടെ കണ്ണിലെ കരടായ വി.എസും പിണറായിയും വി.എം.സുധീരനും ഭരണ തലപ്പത്ത് എത്തരുതെന്ന നിര്‍ബന്ധബുദ്ധിയാണ് ഇതിന് പിന്നില്‍.

വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ച് മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, ശാശ്വതീകാനന്ദയുടെ മരണം തുടങ്ങിയവയില്‍ അന്വേഷണം
നേരിടുന്നതിനാല്‍ ഈ മൂന്ന് പേരില്‍ ആര് ഭരണ തലപ്പത്ത് വന്നാലും അത് ഭീഷണിയാണ്. മുഖ്യമന്ത്രിയായാലും ഉപമുഖ്യ മന്ത്രിയായാലും വെറും മന്ത്രി ആയാല്‍ പോലും ഒരു പരീക്ഷണത്തിന് മുതിരാതിരിക്കാനാണിതത്രെ.

ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വമാകട്ടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇടത് – വലത് മുന്നണികള്‍ പരസ്പര ധാരണയുണ്ടാക്കി ഒരു എം.എല്‍.എ യെപ്പോലും വിജയിപ്പിക്കാതിരിക്കുന്നതിനായുള്ള തന്ത്രങ്ങള്‍ മെനയുമെന്ന് മുന്‍കൂട്ടി കാണുന്നു.

ഈ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയെന്ന രൂപത്തിലാണ് നേതാക്കളുടെ തോല്‍വി ഉറപ്പാക്കുന്നതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്.

മൂന്ന് നേതാക്കള്‍ക്ക് പുറമെ മറ്റ് ചില സെലക്റ്റഡ് മണ്ഡലങ്ങളിലും ‘തന്ത്രപരമായ’ സമീപനം സ്വീകരിച്ച് മുന്നണികളെ മുള്‍മുനയില്‍ നിര്‍ത്താനും മൂന്നാം ബദലിന് പദ്ധതിയുണ്ട്.

Top