Third force has risen in Kerala politics like Shiva’s third eye

മൂന്നാം ശക്തി കേരളത്തില്‍ ശിവന്റെ തൃക്കണ്ണാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപമ അതിരു കടന്നുപോയി.

മോദി തന്നെ പ്രസംഗത്തില്‍ സൂചിപ്പിച്ചത് പോലെ, അധികാരമെന്ന സ്വപ്നവും വിജയമെന്ന സ്വപ്നവും അകലെ ആയിരുന്നിട്ടും നിശ്ചയദാര്‍ഢ്യത്തോട് കൂടി മുന്നോട്ടു പോവുന്ന സംസ്ഥാനത്തെ ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഉദ്ദേശിച്ച് മാത്രമാണ് ഇക്കാര്യം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ എതിരഭിപ്രായം രേഖപ്പെടുത്തുമായിരുന്നില്ല.

എന്നാല്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ബി.ഡി.ജെ എസിന്റെ നേതൃത്വത്തിലുള്ള മൂന്നാം ബദലിനെയാണ് ശിവന്റെ തൃക്കണ്ണിനോട് ഉപമിച്ചതെങ്കില്‍ അക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയാണ്. കാരണം ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് പുരാണകഥയിലെ ശിവസാന്നിദ്ധ്യം അനീതിക്കെതിരെ ശത്രുസംഹാരം നടത്തുന്ന ഉഗ്രമൂര്‍ത്തിയാണ്.

പ്രതിസന്ധിയുണ്ടാവുമ്പോള്‍ പ്രപഞ്ചത്തെ നിലനിര്‍ത്താനും ശത്രുക്കളെ സംഹരിക്കാനും ഏറ്റവും ഒടുവിലായി തുറക്കുന്നതാണ് ശിവന്റെ തൃക്കണ്ണ്.

അഴിമതിക്കെതിരായ ശക്തിയായി… ശിവന്റെ തൃക്കണ്ണായി… മൂന്നാം ബദല്‍ ഉദയം ചെയ്ത് കഴിഞ്ഞുവെന്ന് പറയുന്ന മോദി ബി.ജെ.പി- ബി.ഡി.ജെ. എസ് സഖ്യത്തെയാണ് ഉദ്ദേശിച്ചതെങ്കില്‍ ഈ നിഗമനം ശിവനീതിക്ക് തന്നെ നിരക്കാത്തതാണ്.

കാരണം ബി.ഡി.ജെ. എസിന്റെ നായകനായ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണ്. അഴിമതി ആരോപണ വിധേയനായി അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയുമാണ്. മാത്രമല്ല ശിവഭക്തനായ സന്ന്യാസിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നില്‍ക്കുകയുമാണ്. ഹൈക്കോടതി തന്നെ സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം നോട്ടും ദൃശ്യങ്ങളും ഹാജരാക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍.

ഇങ്ങനെ ആരോപണ വിധേയനായി നില്‍ക്കുന്ന ഒരു വ്യക്തി നേതൃത്വം കൊടുക്കുന്ന മുന്നണിക്ക് ഒരിക്കലും ശിവന്റെ തൃക്കണ്ണാകാന്‍ പറ്റില്ലെന്ന് മാത്രമല്ല ശിവ ”കോപത്തിനിരയാവാന്‍” സാധ്യത കൂടുതലുമാണ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയതിനെ അഭിനന്ദിക്കുന്ന പ്രധാനമന്ത്രി ഒരു യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. എസ്.എന്‍.ഡി.പി യോഗവുമായി സഖ്യത്തിലായിരുന്നില്ല ബി.ജെ.പി മത്സരിച്ചിരുന്നതെങ്കില്‍ ഇതിനെക്കാള്‍ ഏറെ നേട്ടമുണ്ടാക്കാന്‍ ഒരു പക്ഷെ ബി.ജെ.പിക്ക് കഴിയുമായിരുന്നു.

വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ട് നഷ്ടക്കച്ചവടമാണെന്ന് വിശ്വസിക്കുന്ന നിരവധി പ്രവര്‍ത്തകരും നേതാക്കളും ഇപ്പോള്‍ ബി.ജെ.പിക്കകത്തു തന്നെയുണ്ട്.

ശിവന്‍ തൃക്കണ്ണ് തുറന്നത് കൊണ്ടാണോ സ്വന്തം വാര്‍ഡില്‍ പോലും വെള്ളാപ്പള്ളിക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിയാതിരുന്നതെന്ന് ചോദ്യമുയര്‍ന്നാല്‍ എന്ത് മറുപടിയാണ് ഉണ്ടാവുക?

കേരള ജനത മാറ്റത്തിന് ആഗ്രഹിക്കുന്നുണ്ടാകാം. ആ വാദത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരു മാറ്റത്തിനായി ആരെയും ചുമക്കുന്ന മാനസികാവസ്ഥയിലുള്ളവരല്ല പ്രബുദ്ധരായ കേരള ജനത.

ഇപ്പോള്‍ തന്നെ പ്രതിമാ വിവാദത്തിന്റെ പേരില്‍ കേരളത്തെ മാത്രമല്ല പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിവാദങ്ങളിലേക്ക് തള്ളി വിടുകയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയ്തത്.

ആര്‍. ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ ആദ്യം ക്ഷണിച്ച മുഖ്യമന്ത്രിയെ പിന്നെ വിലക്കിയ വെള്ളാപ്പള്ളി അതിന്റെ പഴി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേല്‍ കെട്ടിവയ്ക്കാനാണ് തുടക്കം മുതല്‍ ശ്രമിച്ചത്.

വിവാദം കൈവിട്ട് ദേശീയ തലത്തില്‍ കത്തി പടര്‍ന്നതോടെ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും സംഘാടകരുടേതാണ് തീരുമാനമെന്നും തുറന്നടിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്ത് വന്നതോടെ വെള്ളാപ്പള്ളിയുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്.

പാര്‍ലമെന്റിനകത്ത് പോലും കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷത്തിന് വടി കൊടുത്ത ഒരു നേതാവിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അതിന്റെ ഫലമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ പോലും ഈ ‘സാന്നിദ്ധ്യം’ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.

വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ച് സംസ്ഥാനത്ത് തനിക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് നിലവിലെ അന്വേഷണങ്ങളുടെ സാഹചര്യത്തില്‍ അനിവാര്യമാണ്.

ഇടത് മുന്നണി അധികാരത്തില്‍ വന്നാലും യു.ഡി.എഫ് അധികാരത്തില്‍ വന്നാലും വി.എസ്, പിണറായി, വി.എം.സുധീരന്‍ എന്നീ ബദ്ധ വൈരികള്‍ മുഖ്യമന്ത്രിയാവുന്നതിനെ ഒരിക്കലും വെള്ളാപ്പള്ളി സ്വപ്നത്തില്‍ പോലും ആഗ്രഹിക്കുന്നില്ല.

ഇവിടെ അടുത്ത സുഹൃത്തായ ഉമ്മന്‍ചാണ്ടിയെ തന്നെയാണ് വെള്ളാപ്പള്ളി ആഗ്രഹിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ ‘ചതിച്ച’ തോടെ തിരിച്ചടി നേരിട്ടതിന്റെ പേരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നായക സ്ഥാനം ത്രിശങ്കുവിലായ ഉമ്മന്‍ചാണ്ടിക്ക്, പുതു ജന്മം നല്‍കി കൂടുതല്‍ ശക്തനായി രംഗത്ത് വരാന്‍ വെള്ളാപ്പള്ളി ഒരുക്കിയ നാടകമാണ് വിലക്കിന് പിന്നിലെന്ന് ഇതിനകം തന്നെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

മുഖ്യമന്ത്രിയെ വിലക്കിയതിന് വ്യക്തമായ കാരണം പറയാനില്ലാതെ ഇരുട്ടില്‍ തപ്പുന്ന വെള്ളാപ്പള്ളിയുടെ നിലപാട് ഈ സംശയത്തിന് സ്ഥിതീകരണം നല്‍കുന്നതാണ്. വെള്ളാപ്പള്ളിയോട് ഇപ്പോഴും മൃദുസമീപനം തുടരുന്ന മുഖ്യമന്ത്രിയും മലയാളികളെ വിഡ്ഢികളാക്കുകയാണ്. കാരണം ഈ വിവാദം കൊണ്ട് ഏറ്റവുമധികം ഗുണം ഉണ്ടായത് ഉമ്മന്‍ ചാണ്ടിക്കാണ്. സോളാര്‍ ചൂടിലുരുകിയ ഉമ്മന്‍ ചാണ്ടിക്ക് കുളിരേകുന്നതാണ് പ്രതിമാ വിവാദത്തിലെ കേരളത്തിന്റെ പിന്തുണ.

നീതി നടപ്പിലാക്കുന്നതിനായി തുറക്കുന്ന ശിവന്റെ തൃക്കണ്ണ് യഥാര്‍ത്ഥത്തില്‍ തുറക്കേണ്ടത് ജനങ്ങളെ വിഡ്ഢികളാക്കുന്ന… വെല്ലുവിളിക്കുന്ന… ഈ അന്തര്‍ നാടകങ്ങള്‍ക്ക് നേരെയാണ്. ഈ യാഥാര്‍ത്ഥ്യം ശിവഭക്തനായ മോദി വൈകിയെങ്കിലും തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം.

Team Express Kerala

Top