വാകേരിയില്‍ നരഭോജി കടുവക്കായുള്ള തെരച്ചില്‍ മൂന്നാം ദിവസം

വയനാട്: വാകേരിയില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവക്കായുളള തെരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു. പ്രജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മൂടക്കൊല്ലിയിലാണ് തെരച്ചില്‍ നടക്കുന്നത്. ആര്‍ആര്‍ടി അംഗങ്ങളും ചെതലയം, മേപ്പാടി കല്‍പ്പറ്റ ഡിവിഷനിലുള്‍പ്പെട്ട അറുപതംഗ ദൗത്യസംഘമാണ് കടുവയ്ക്കായി മേഖലയില്‍ തെരച്ചില്‍ നടത്തുന്നത്.

ഡിസംബര്‍ 9നാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തിലേക്കിറങ്ങിയ പ്രജീഷിനെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ പ്രജീഷിന്റെ മൃതദേഹം സംസ്‌കരിച്ചു. മൂടക്കൊല്ലി കൂടല്ലൂരിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലുകള്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടുവയെ പിടികൂടാനായി വനം വകുപ്പ് പ്രദേശത്ത് കൂടുതല്‍ ക്യാമറകളും കൂടും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കൊല്ലണമെന്ന ആവശ്യത്തില്‍ ജനരോഷം നിലനില്‍ക്കെ ജീവനോടെ പിടികൂടിയാല്‍ കൂടുതല്‍ പ്രതിഷേധം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് വനം വകുപ്പ്.

 

Top