ആറ് മാസത്തിനിടെ മൂന്നാമത്തെ ശ്രമം; രഹസ്യ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച് ഉത്തരകൊറിയ

റ് മാസത്തിനിടെ നടത്തിയ മൂന്നാമത്തെ ശ്രമത്തില്‍ ഉത്തര കൊറിയയുടെ ആദ്യ രഹസ്യ നിരീക്ഷണ ഉപഗ്രഹം മല്ലിഗ്യോങ് -1 (Malligyong-1)വിക്ഷേപിച്ചു. സൊഹേ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 7:13 നായിരുന്നു വിക്ഷേപണം. വിക്ഷേപണ വിവരം പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച, യു.എസില്‍ നിന്നുള്ള മുന്നറിയിപ്പ് മറികടന്ന്, ഉത്തരകൊറിയയുമായി 2018 ല്‍ ഉണ്ടാക്കിയ സൈനിക കരാറിലെ ചില ഭാഗങ്ങള്‍ ദക്ഷിണ കൊറിയ താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.

ഉത്തരകൊറിയയുടെ ഉപഗ്രഹ വിക്ഷേപണത്തിന് പിന്നില്‍ റഷ്യയുടെ സാങ്കേതിക പിന്തുണയുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമാണെന്നും ഉത്തര കൊറിയ ആരോപിക്കുന്നു. സെപ്റ്റംബറില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനെ റഷ്യന്‍ ബഹിരാകാശ കേന്ദ്രങ്ങളിലൊന്നില്‍ വെച്ച് കണ്ടിരുന്നു. ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സഹായവും അന്ന് പുതിന്‍ വാഗ്ദാനം ചെയ്തതയാണ് അഭ്യൂഹങ്ങള്‍.

ഈ വര്‍ഷം മെയ്യില്‍ നടത്തിയ വിക്ഷേപണ ശ്രമം പരജായപ്പെട്ടിരുന്നു. ഓഗസ്റ്റിലാണ് രണ്ടാമത്തെ വിക്ഷേപണ ശ്രമം നടത്തിയത്. ഇതും പരാജയപ്പെട്ടു. ഇതിന് പിന്നാലെ, യുഎന്‍ രക്ഷാസമിതിയില്‍ സംസാരിക്കവെ ഒരു പരമാധികാര രാജ്യം എന്ന നിലയില്‍ തങ്ങളുടെ അവകാശമാണ് ഈ രഹസ്യ നിരീക്ഷണ ഉപഗ്രഹ പദ്ധതിയെന്നാണ് ഉത്തരകൊറിയന്‍ അംബാസഡര്‍ കിം സോങ് പറഞ്ഞത്. യുഎസിനെയും ദക്ഷിണ കൊറിയയേയും പാശ്ചാത്യ രാജ്യങ്ങളേയും പോലെ ജപ്പാനും ഉത്തരകൊറിയന്‍ ഉപഗ്രഹ വിക്ഷേപണത്തില്‍ ആശങ്കയിലാണ്.

Top