രാജ്യത്ത് മൂന്നാം ബദൽ നീക്കം ശക്തം, കോൺഗ്രസ്സിനും ബി.ജെ.പിക്കും ‘എതിരി’

ചിലര്‍ക്ക് അങ്ങനെയാണ് അനുഭവിക്കുമ്പോള്‍ മാത്രമേ ബോധോദയം ഉണ്ടാവുകയൊള്ളൂ. ബി.ജെ.പിയെ പിന്തുണച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് ടി.ആര്‍.എസ്. പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന്റെ പല നിര്‍ണ്ണായക ബില്ലുകളും പാസാക്കാന്‍ വലിയ സഹായമാണ് ആ പാര്‍ട്ടി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. തെലങ്കാനയില്‍ ടി.ആര്‍.എസിന് വലിയ ഭീഷണിയായി വളര്‍ന്നിരിക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസ്സ് ആകട്ടെ ചിത്രത്തില്‍ പോലും ഇല്ലാത്ത രൂപത്തിലേക്ക് തകര്‍ന്നടിഞ്ഞും കഴിഞ്ഞു. ആന്ധ്രപ്രദേശിനെ വിഭജിച്ച കോണ്‍ഗ്രസ്സിന്റെ പൊടിപോലും നിലവില്‍ രണ്ട് സംസ്ഥാനത്തും കാണാനില്ലന്നതാണ് യാഥാര്‍ത്ഥ്യം.

ടി.ആര്‍.എസ് ബി.ജെ.പി ഏറ്റുമുട്ടലാണ് തെലങ്കാനയില്‍ നടക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ടി.ആര്‍.എസിന് ഒറ്റക്ക് സാധിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ഈ സാഹചര്യം കൂടി മുന്‍ നിര്‍ത്തിയാണ് സി.പി.എമ്മുമായി സഹകരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ നേരിട്ട് രംഗത്തു വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ വിജയം നേടിയിട്ടില്ലങ്കിലും ശക്തമായ സംഘടനാ സംവിധാനം തെലങ്കാനയിലും ആന്ധ്രയിലും സി.പി.എമ്മിനുണ്ട്. ഈ കരുത്ത് കൂടി പ്രയോജനപ്പെടുത്താനാണ് ടി.ആര്‍.എസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സി.പി.എം ഉള്‍പ്പെടെ കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടികള്‍ ഒപ്പംനിന്നാല്‍ മൂന്നാം മുന്നണിക്കുള്ള സാധ്യതയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു മുന്നില്‍ കാണുന്നുണ്ട്.

2024ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാനായി ഒരു ഫെഡറല്‍ മുന്നണിയാണ് ചന്ദ്രശേഖര റാവു ലക്ഷ്യമിടുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി, തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്… എന്നിവരുമായി ഇതിനകം തന്നെ ചന്ദ്രശേഖരറാവു ചര്‍ച്ച നടത്തി കഴിഞ്ഞു. തേജസ്വി യാദവ് പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലെത്തിയാണ് റാവുവുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. കെസിആറിന്റെ മകനും മന്ത്രിയുമായ കെ.ടി.രാമറാവു, മരുമകനും രാജ്യസഭാംഗവുമായ ജൊഗിനപ്പള്ളി സന്തോഷ് എന്നിവരും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്.

സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയപ്പോഴാണ് സി.പി.എം നേതാക്കള്‍ ചന്ദ്രശേഖര റാവുവുമായി ചര്‍ച്ച നടത്തിയിരുന്നത്. അതിന് മുന്‍കൈ എടുത്തതും തെലങ്കാന മുഖ്യമന്ത്രി തന്നെയാണ്. തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി ചെന്നൈ സന്ദര്‍ശന വേളയിലായിരുന്നു ചന്ദ്രശേഖരറാവു ചര്‍ച്ച നടത്തിയിരുന്നത്. ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ എന്നിവരെ മൂന്നാം ബദലിലേക്ക് കൊണ്ടുവരാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സഹായവും ടി.ആര്‍.എസ് പ്രതീക്ഷിക്കുന്നുണ്ട്. യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കാണ് സി.പി.എം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും പിണറായിക്ക് നല്ല ബന്ധമാണുള്ളത്. എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികളും മൂന്നാം ബദലില്‍ എത്തുമെന്നാണ് ടി.ആര്‍.എസ് പ്രതീക്ഷിക്കുന്നത്.

ബിജെപിക്കെതിരെ കൈകോര്‍ക്കാന്‍ തയാറുള്ള പ്രദേശിക കക്ഷികളുടെ കൂട്ടായ്മ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഇങ്ങനെ തകൃതിയായി നടക്കുമ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം ആകെ അന്തം വിട്ടിരിക്കുകയാണ് ചെയ്യുന്നത്. ഭരണമുള്ള പഞ്ചാബ് പോലും ഇത്തവണ കോണ്‍ഗ്രസ്സിനു കൈവിട്ടു പോകുമെന്നത് ഏകദേശം ഉറപ്പായി കഴിഞ്ഞു. മുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനും മുഖ്യമന്ത്രി കസേരക്കു വേണ്ടിയാണ് ഇവിടെ കിടപിടി കൂടുന്നത്. കോണ്‍ഗ്രസ്സിന്റെ ഈ അധികാര മോഹമാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും അകറ്റിയിരിക്കുന്നത്. ഇങ്ങനെ പോയാല്‍ യു.പി.എയില്‍ എത്ര കക്ഷികള്‍ അവശേഷിക്കുമെന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിച്ചാല്‍ യു.പി.എ സംവിധാനം തന്നെ പ്രതിസന്ധിയിലാകും. ഇതോടെ മൂന്നാം ബദലിലേക്ക് കൂടുതല്‍ യു.പി.എ ഘടകകക്ഷികള്‍ എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്.

EXPRESS KERALA VIEW

Top