ബി.ജെ.പിക്ക് എതിരെ മൂന്നാം ബദൽ ? നീക്കങ്ങൾ ശക്തമാക്കി പ്രതിപക്ഷം

മോദിക്കും ബി.ജെ.പിക്കും എതിരെ ദേശീയ തലത്തില്‍ നടക്കുന്നത് വന്‍ പടയൊരുക്കം. സംഘ പരിവാറിന്റെ കാവി രാഷ്ട്രീയത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയില്ലന്ന തിരിച്ചറിവിലാണ് ‘മൂന്നാം ബദല്‍’ അണിയറയില്‍ ഒരുങ്ങുന്നത്. ഡി.എം.കെ, സി.പി.എം, സമാജ്‌വാദി പാര്‍ട്ടി, സി.പി.ഐ, മറ്റു ഇടതു പാര്‍ട്ടികള്‍, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, ആം ആദ്മി പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, തുടങ്ങിയ കക്ഷികളുടെ മഹാസഖ്യമാണ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ബംഗാളില്‍ മമതയെ ശത്രുവായി കാണുന്ന സി.പി.എം ആ നിലപാടില്‍ ഒരു മാറ്റവും വരുത്തില്ലന്ന കര്‍ക്കശ നിലപാടിലാണുള്ളത്. അതുപോലെ തന്നെ മൂന്നാം ബദലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമതയെ അംഗീകരിക്കുന്ന പ്രശ്‌നമില്ലന്ന അഭിപ്രായവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

അതേസമയം കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കാന്‍ ഏത് മുന്നണിയെ വേണമെങ്കിലും പിന്തുണയ്ക്കാം എന്ന വാഗ്ദാനവും സി.പി.എം മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മൂന്നാം ബദലിനായി ശ്രമിക്കുന്ന എന്‍.സി.പി നേതാവ് ശരത് പവാര്‍ ഉള്‍പ്പെടെയുള്ളവരെ സി.പി.എം നേതൃത്വം അറിയിച്ചിട്ടുണ്ട്. നിലവില്‍ ആം ആദ്മി പാര്‍ട്ടി, വൈഎസ്ആര്‍. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ക്കായി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്, പ്രശാന്ത് കിഷോറാണ്. ഈ പാര്‍ട്ടികളുടെ ഒരു ഏകീകരണത്തിന് പ്രശാന്ത് കിഷോറിന്റെ സഹായമാണ് പ്രധാനമായും പവാര്‍ തേടിയിരിക്കുന്നത്. ഇതു സംബന്ധമായി മുംബൈയില്‍ ജൂണ്‍ 11ന് ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മില്‍ മൂന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയാണ് നടന്നിരിക്കുന്നത്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വിശാല പ്രതിപക്ഷ സഖ്യ രൂപീകരണത്തിനുള്ള നിലമൊരുക്കലിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെ ദേശീയ മാധ്യമങ്ങളും വിലയിരുത്തുന്നത്. പ്രദേശിക കക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സജ്ജമാക്കണമെന്ന നിലപാടാണ് പവാറിനെ പോലെ തന്നെ സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമുള്ളത്. തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസി യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ യെച്ചൂരിയുടെ കഴിവുകള്‍ മൂന്നാം ബദല്‍ രൂപീകരണത്തില്‍ ഉപയോഗപ്പെടുത്തണമെന്ന നിലപാടുകാരാണ്.

മുന്‍പ് കേന്ദ്രത്തില്‍ മൂന്നാം മുന്നണി സര്‍ക്കാറിന്റെ രൂപീകരണത്തിനായി നിര്‍ണ്ണായക ഇടപെടലുകളാണ് അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സുര്‍ജിത്തിനൊപ്പം സീതാറാം യെച്ചൂരിയും നടത്തിയിരുന്നത്. പിന്നീട് ബി.ജെ.പിയെ മാറ്റി നിര്‍ത്തി ഒന്നാം യു.പി.എ സര്‍ക്കാര്‍ രൂപീകൃതമായതിനു പിന്നിലെ ബുദ്ധി കേന്ദ്രവും സി.പി.എം നേതൃത്വം തന്നെയായിരുന്നു. ഇടതുപക്ഷം പിന്തുണ നല്‍കിയില്ലായിരുന്നു എങ്കില്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ തന്നെ അന്നു ഉണ്ടാവില്ലായിരുന്നു. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ഉയര്‍ച്ചക്കും കാരണമായിരിക്കുന്നത്. 2014ല്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തില്‍ മൂന്നാം ഊഴമാണിപ്പോള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ്സ് കൂടുതല്‍ ദുര്‍ബലമായതാണ് ഈ പ്രതീക്ഷകള്‍ക്കെല്ലാം ആധാരം. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങള്‍.

കോണ്‍ഗ്രസ്സിനെ മുഖവിലക്കെടുക്കാതെ തന്നെ ശക്തമായ ഒരു ബദലാണ് അവര്‍ ലക്ഷ്യമിടുന്നത്. ത്രിശങ്കു സഭ വന്നാല്‍ സര്‍ക്കാര്‍ രൂപീകരണ വേളയില്‍ മൂന്നാംബദലിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്സ് നിര്‍ബന്ധിക്കപ്പെടുമെന്ന കണക്ക് കൂട്ടലും പവാറിനും സംഘത്തിനുമുണ്ട്. മൂന്നാം ബദലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളുമായി അധികം താമസിയാതെ തന്നെ പവാര്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. ദേശീയ തലത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയെ തുടര്‍ന്നാണ് യെച്ചൂരിയും സി.പി.എമ്മും പിറകോട്ടടിച്ചിരുന്നത്. എന്നാല്‍, കേരളത്തില്‍ വീണ്ടും ഇടതുപക്ഷം അധികാരം പിടിച്ചത് ചുവപ്പ് പ്രതീക്ഷകള്‍ക്ക് വീണ്ടും ഉണര്‍വേകിയിട്ടുണ്ട്. അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 30 സീറ്റിലെങ്കിലും വിജയിക്കുക എന്നതാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഇടതുപക്ഷത്തിന് മൊത്തത്തില്‍ 40 സീറ്റുകളെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ അത് കേന്ദ്രത്തില്‍ നിര്‍ണ്ണായക സ്വാധീനമാണുണ്ടാക്കുക.

കേരളത്തിലെ 20 സീറ്റുകളില്‍ 19 സീറ്റും കഴിഞ്ഞ തവണ യു.ഡി.എഫ് ആണ് നേടിയതെങ്കില്‍ ഇത്തവണ നേരെ വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നാണ് സി.പി.എം കണക്കു കൂട്ടുന്നത്. ചുരുങ്ങിയത് 17 സീറ്റുകളാണ് കേരളത്തില്‍ നിന്നു മാത്രം ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും നിലവില്‍ നാലു സീറ്റുകള്‍ സി.പി.എമ്മിനും സി.പി.ഐക്കുമായിട്ടുണ്ട്. അത് നിലനിര്‍ത്താന്‍ കഴിയുമെന്ന കാര്യത്തിലും ചെമ്പട വലിയ ആത്മവിശ്വാസത്തിലാണുള്ളത്. ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ചതിനാല്‍ ചുരുങ്ങിയത് 5 സീറ്റെങ്കിലും ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. സി.പി.എം കര്‍ഷക സംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുള്ള മഹാരാഷ്ട്രയില്‍ നിന്നും ഇത്തവണ നിര്‍ബന്ധമായും ലോകസഭയില്‍ അംഗങ്ങള്‍ ഉണ്ടായിരിക്കും എന്ന പ്രതീക്ഷയിലാണ് സി.പി.എം. ത്രിപുരയിലെ രണ്ട് ലോകസഭ സീറ്റുകളില്‍ ഒരെണ്ണമെങ്കിലും പിടിച്ചെടുക്കുക എന്നതും സി.പി.എമ്മിന്റെ വാശിയാണ്.

ബി.ജെ.പി സര്‍ക്കാറിനെതിരായ വികാരം തന്നെയാണ് ത്രിപുരയിലെ ചെങ്കൊടിയുടെ പ്രതീക്ഷയും ഉയര്‍ത്തിയിരിക്കുന്നത്. ബംഗാളില്‍ എന്തു വില കൊടുത്തും നില മെച്ചപ്പെടുത്തണമെന്നതാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിലെ വികാരം. വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന അഭിപ്രായവും ബംഗാള്‍ പാര്‍ട്ടിയില്‍ ശക്തമാണ്. ബി.ജെ.പി എം.എല്‍.എമാര്‍ കൂട്ടത്തോടെ തൃണമൂലിലേക്ക് പോകുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിപക്ഷമാകാനുള്ള സാഹചര്യമാണ്, സി.പി.എമ്മിന് മുന്നില്‍ ബംഗാളില്‍ വീണ്ടും തുറക്കപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ യു.പി യില്‍ സമാജ് വാദി പാര്‍ട്ടിക്കും ബീഹാറില്‍ ആര്‍.ജെ.ഡി സഖ്യത്തിനും അനുകുലമായ സാഹചര്യമാണ് നിലവിലുള്ളത്.

തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണിയും ശക്തമാണ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ നിലയും ഭദ്രമാണ്. രാജ്യസഭയില്‍ പലപ്പോഴും എന്‍.ഡി.എ സര്‍ക്കാറിനെ സഹായിച്ച തെലങ്കാനയിലെ ടി.ആര്‍.എസ് ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ഒറീസയിലെ ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളും മൂന്നാം ബദലില്‍ നിര്‍ണ്ണായക സ്ഥാനം ലഭിച്ചാല്‍ ഒപ്പം കൂടാമെന്ന നിലപാടിലാണുള്ളത്. ഒപ്പം നിര്‍ത്തി ഇല്ലാതാക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചതെന്ന അഭിപ്രായമാണ് സ്വന്തം അനുഭവത്തില്‍ ടി.ആര്‍.എസിനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ബി.ജെ.പി നീക്കങ്ങളാണ് ടി.ആര്‍.എസിനെ ബി.ജെ.പിയില്‍ നിന്നും ഏറെ അകറ്റിയിരിക്കുന്നത്. ബി.ജെ.പി ‘വിഴുങ്ങുമോയെന്ന’ ഭയം വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനുമുണ്ട്. ബിജു ജനതാദളും വലിയ ആശങ്കയില്‍ തന്നെയാണുള്ളത്. ഈ പാര്‍ട്ടികളെല്ലാം ഉറ്റു നോക്കുന്നത് 2022ലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പിനെയാണ്. യു.പിയില്‍ യോഗി വീണാല്‍ കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ മൂന്നാം ബദലിനൊപ്പം ചേരാനാണ് സാധ്യത.

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന പൊതുവികാരമാണ് പ്രതിപക്ഷ നീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗമുണ്ടാകുമെന്ന വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് പ്രതിദിനം നാലു ലക്ഷത്തിലേറെ ആളുകള്‍ രോഗികളാകുകയും നാലായിരത്തോളം പേര്‍ മരിക്കുകയും ചെയ്യുന്നതിലേക്കു നയിച്ചതെന്ന വിമര്‍ശനമാണ് രാജ്യവ്യാപകമായി ഉയര്‍ന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സീന്‍ നയത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ സുപ്രീംകോടതിക്ക് പോലും ഇടപെടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇന്ധന വിലവര്‍ധന, കര്‍ഷക സമരം, സാമ്പത്തിക തകര്‍ച്ച, വിലക്കയറ്റം എന്നിങ്ങനെ മറ്റു ഗൗരവ വിഷയങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയെ ശരിക്കും ബാധിച്ചിട്ടുണ്ട്.

അടുത്തിടെ തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന യു.പിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ ഉള്‍പ്പെടെ ബി.ജെ.പി തകര്‍ന്നടിയുകയാണ് ഉണ്ടായത്. അയോധ്യ, മഥുര, ലക്‌നൗ എന്നീ നഗരങ്ങളുള്‍പ്പെടുന്ന ജില്ലകളിലും ബിജെപി കനത്ത പരാജയമാണ് നേരിട്ടിരിക്കുന്നത്. കാവിക്കോട്ടയിലെ ഈ വമ്പന്‍ തിരിച്ചടി ആര്‍.എസ്.എസിനും തികച്ചും അപ്രതീക്ഷിതമായിരുന്നു. 80 ലോകസഭ സീറ്റുകളുള്ള യു.പി കൈവിട്ടാല്‍ കേന്ദ്ര ഭരണമാണ് ബി.ജെ.പിക്ക് കൈവിട്ട് പോകുക. ഭരണംപിടിക്കുമെന്ന് ഉറപ്പിച്ച് സര്‍വസന്നാഹങ്ങളുമായി ഇറങ്ങിയ ബംഗാളിലും കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ഇവിടെ നിന്നുള്ള 18 ലോകസഭ സീറ്റുകള്‍ നിലനിര്‍ത്തുക എന്നതു പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് സ്വപ്‌നമായാണ് മാറാന്‍ പോകുന്നത്.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെകൂടിയാണ് കോവിഡ് എന്ന മഹാമാരിയിപ്പോള്‍ മാറ്റി മറിച്ചിരിക്കുന്നത്. ഇതുതന്നെയാണ് വിശാല പ്രതിപക്ഷ സഖ്യമെന്ന സാധ്യതയ്ക്കും പുതുജീവന്‍ പകരുന്നത്. സംഘടനാ ദൗര്‍ബല്യം നേരിടുന്ന കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്ന വിലയിരുത്തലില്‍ കൂടിയാണ് ബദല്‍ സംവിധാനം ഒരുങ്ങുന്നത്. ഈ നീക്കങ്ങള്‍ക്ക് ശരദ് പവാറിനും യെച്ചൂരിക്കുമൊപ്പം, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കൂടി ചേര്‍ന്നാല്‍ വേഗത കൂടും. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി, വൈഎസ്ആര്‍. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ക്കായി, പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളതും, പ്രശാന്ത് കിഷോറാണ്. ഈ അടുപ്പം ഇവരെ മുന്നണിയുടെ ഭാഗമാക്കുന്നതിലും വലിയ മുതല്‍ക്കൂട്ടാകും.

മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പോ തിരഞ്ഞെടുപ്പിനു ശേഷമോ സഖ്യമുണ്ടാക്കുന്ന രീതിയാണ് ഉണ്ടായിരുന്നതെങ്കില്‍ 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കാലേകൂട്ടി തയാറെടുപ്പുകള്‍ നടത്താനാണ് നിലവിലെ ആലോചന. യു.പിക്കു പുറമെ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ, ഹിമാചല്‍ പ്രദേശ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലെ പ്രകടനങ്ങള്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനും ഇനി നിര്‍ണ്ണായകമാകും. ബി.ജെ.പി വിരുദ്ധ സഖ്യത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകാന്‍ പോകുന്നതും ഈ സംസ്ഥാനങ്ങളിലെ വിധിയെഴുത്തായിരിക്കും. അക്കാര്യവും ഉറപ്പാണ്.

Top