‘നടികര്‍ തിലക’ത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്

ടൊവിനോ തോമസ് നായകനാകുന്ന ‘നടികര്‍ തിലക’ത്തിന്റെ ഓഡിയോ റൈറ്റ് തിങ്ക് മ്യൂസിക് സ്വന്തമാക്കി. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നു.

യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നൂറ്റി ഇരുപത് ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിന്റെ ബജറ്റ് നാല്‍പത് കോടിയോളമാണ്. സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും മുടക്കുമുതല്‍ വരുന്ന ചിത്രമാണ് നടികര്‍ തിലകം. ‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ഏഴെട്ടു വര്‍ഷക്കാലമായി അഭിനയമേഖലയില്‍ സൂപ്പര്‍ താര പദവിയില്‍ നില്‍ക്കുന്ന ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ‘നടികര്‍ തിലക’ത്തിലൂടെ ലാല്‍ ജൂനിയര്‍ അവതരിപ്പിക്കുന്നത്.

സൗബിന്‍ ഷാഹിറാണ് ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, മണിക്കുട്ടന്‍, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അര്‍ജുന്‍, ദിവ്യ പിള്ള, നന്ദകുമാര്‍, ഖാലീദ് റഹ്‌മാന്‍, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ആരാധ്യ, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ജസീര്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പം ഭാവനയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

Top