‘ആവേശ’ത്തിന്റെ മ്യൂസിക്ക് റൈറ്റ്‌സ് സ്വന്തമാക്കി തിങ്ക് മ്യൂസിക്ക് ഇന്ത്യ

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ആവേശ’ത്തിന്റെ മ്യൂസിക്ക് റൈറ്റ്‌സ് സ്വന്തമാക്കി തിങ്ക് മ്യൂസിക്ക് ഇന്ത്യ. കൂടാതെ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ പാടുന്നത് ഇപ്പോള്‍ ഏറ്റവും ട്രെന്‍ഡിങ് ആയി നില്‍ക്കുന്ന ഡബ്‌സി, ശ്രീനാഥ് ഭാസി, മലയാളി മങ്കിസ് എന്നിവരാണ്. സുഷിന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇവരുമായി നില്‍ക്കുന്ന ഫോട്ടോസ് പങ്കുവെച്ചിരുന്നു. കേരളത്തില്‍ ഡബ്‌സിക്കും മലയാളി മങ്കിസിനും നിരവധി ആരാധകരാണ് നിലവിലുള്ളത്. വിവരം അറിഞ്ഞതോടെ ഒരുപാട് പേരാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ഹിറ്റ് ആയതോടെ സുഷിന്‍ ശ്യാം എന്ന സംഗീത സംവിധായകന്റെ ഓരോ പാട്ടിനും നിരവധി പേരാണ് കാത്തിരിക്കുന്നത്.

ഫഹദ് ഫാസില്‍ രംഗന്‍ എന്ന ഗുണ്ടയായി എത്തുന്ന ചിത്രത്തില്‍ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി യൂട്യൂബര്‍ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഏപ്രില്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

Top