ആലപ്പുഴയിൽ കെ.സി വേണുഗോപാലിന് കാര്യങ്ങൾ എളുപ്പമല്ല, ബി.ജെ.പിക്ക് സീറ്റ് ‘വിട്ടുനൽകി’ വന്നത് ചർച്ചയാകുന്നു

ലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.സി വേണുഗോപാല്‍ പരാജയപ്പെട്ടാല്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ തന്നെ വലിയ പ്രഹരമായാണ് മാറുക. രാജ്യസഭ അംഗമെന്ന നിലയില്‍ ഇനിയും വര്‍ഷങ്ങള്‍ ബാക്കിയുണ്ടായിട്ടും ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്തിനാണെന്ന ചോദ്യം ഇപ്പോള്‍ തന്നെസ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കെ.സി ജയിച്ചാല്‍ രാജ്യസഭയില്‍ ബി.ജെ.പിക്ക് പുതിയ ഒരു എം.പിയെ ആണ് ലഭിക്കാന്‍ പോകുന്നത്. കെ.സി വേണുഗോപാലിനെ തിരഞ്ഞെടുത്ത രാജസ്ഥാനില്‍ ഇപ്പോള്‍ ഭരണം നടത്തുന്നത് ബി.ജെ.പിയാണ്. എം.എല്‍.എമാരുടെ കണക്കുവച്ച് പരിശോധിച്ചാല്‍ കെ.സിക്ക് പകരം ഒരാളെ വിജയിപ്പിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്തായാലും കോണ്‍ഗ്രസ്സിനു കഴിയുകയില്ല.

ആലപ്പുഴയില്‍ മത്സരിക്കാന്‍ ചാടിയിറങ്ങിയ കെ.സി വേണുഗോപാല്‍ പോലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ഇപ്പോള്‍ ജനങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കെ.സിയുടെ അധികാരമോഹത്തിന് കനത്ത തിരിച്ചടി ഇത്തവണ ആലപ്പുഴയില്‍ നിന്നും ലഭിച്ചാല്‍ പിന്നെ  ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ അവസ്ഥയും പരിതാപകരമാകും. ലോകസഭ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കെ.സിക്ക് പിന്നെ രാജ്യസഭയിലും നാവുയര്‍ത്താന്‍ കഴിയുകയില്ല. ജനപിന്തുണയില്ലാത്ത നേതാവ് സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെ അത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളും ചോദ്യം ചെയ്യും. മാത്രമല്ല ലോകസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നേടിയ സീറ്റെങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലങ്കിലും കെ.സിക്ക് പാര്‍ട്ടി ചുമതല ഒഴിയേണ്ടി വരും. സമാന സാഹചര്യം കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരനും നേരിടേണ്ടി വരും.

രാഹുല്‍ തരംഗം ആഞ്ഞടിച്ചിട്ടും യു.ഡി.എഫിന് വീഴ്ത്താന്‍ പറ്റാത്ത ചുവപ്പ് കോട്ടയാണ് ആലപ്പുഴ. അവിടെ ജനകീയനായ എം.പി ആയാണ് നിലവില്‍ എ.എം ആരിഫ് അറിയപ്പെടുന്നത്. 2019-ല്‍ ആരിഫ് കാത്തു സൂക്ഷിച്ച ആ ചുവപ്പ് കോട്ട പിടിച്ചെടുക്കുക എളുപ്പമുള്ള കാര്യമൊന്നുമല്ല.കെ.സി മുന്‍പ് വിജയിച്ച ആലപ്പുഴയല്ല ഇപ്പോഴത്തെ ആലപ്പുഴ. ഇവിടുത്തെ സാഹചര്യങ്ങളും രാഷ്ട്രീയ കാലാവസ്ഥയും മാറിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ രാജ്യസഭ സീറ്റ് ബി.ജെ.പിയ്ക്ക് നല്‍കാനുള്ള മത്സരമായി കെ.സിയുടെ അരങ്ങേറ്റം വിലയിരുത്തപ്പെട്ടാല്‍ പണി പാളുക തന്നെ ചെയ്യും.1996ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി ആലപ്പുഴയില്‍നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട കെ.സി വേണുഗോപാല്‍ പിന്നീട് സംസ്ഥാന മന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കെ.സി ജന്മം കൊണ്ട് കണ്ണൂര്‍കാരന്‍ ആണെങ്കിലും കര്‍മം കൊണ്ട് ആലപ്പുഴക്കാരന്‍ ആണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ അവകാശപ്പെടുന്നത്.

2009ല്‍ ആലപ്പുഴയില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍, സിറ്റിങ് എംപി ഡോ. കെഎസ് മനോജിനെയാണ് കെ.സി തോല്‍പ്പിച്ചിരുന്നത്. 2011 മുതല്‍ 2014 വരെ കേന്ദ്രമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.. 2014ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ആലപ്പുഴയില്‍നിന്ന് കെസിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, 2019ലെ തെരഞ്ഞെടുപ്പില്‍ കെസി വേണുഗോപാല്‍ മത്സരത്തില്‍നിന്നു പിന്മാറിയതോടെ മണ്ഡലം വീണ്ടും ഇടതുപക്ഷത്തേക്ക് മറിയുകയാണ് ഉണ്ടായത്. 2019- ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തിയാണ് എഎം ആരിഫ് ചെങ്കോട്ട തിരിച്ചു പിടിച്ചിരുന്നത്. 10,474 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ആരിഫിന്റെ വിജയം.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ വച്ചു പരിശോധിച്ചാലും ആലപ്പുഴ ലോകസഭ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് വ്യക്തമായ മേധാവിത്വമാണുള്ളത്. ഇതുതന്നെയാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നത്. മാത്രമല്ല, സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളെ നശിപ്പിച്ച് സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ച കെ.സിക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ആഗ്രഹിക്കുന്ന എ – ഐ ഗ്രൂപ്പുകളും അവസരത്തിനായാണ് കാത്ത് നില്‍ക്കുന്നത്. അതായത് മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഉണ്ടായ അനുകൂല സാഹചര്യം സ്വന്തം പാര്‍ട്ടിയില്‍ പോലും നിലവില്‍ കെ.സിക്ക് ഇല്ലന്നതാണ് യാഥാര്‍ത്ഥ്യം.

ആലപ്പുഴയിലെ കോണ്‍ഗ്രസ്സിന്റെ സംഘടനാ അടിത്തറയും തകര്‍ന്ന അവസ്ഥയിലാണ് ഉള്ളത്. ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സ് രംഗത്തിറക്കാത്തതും മണ്ഡലത്തിലെ ചര്‍ച്ചാ വിഷയമാണ്. ലീഗ് ആവശ്യപ്പെട്ട മൂന്നാംസീറ്റില്‍ നിന്നും ലീഗ് നേതൃത്വം തല്‍ക്കാലം പിന്‍മാറിയെങ്കിലും അവരുടെ അണികളിലും സാമുദായിക സംഘടനകളിലും പ്രതിഷേധം ശമിച്ചിട്ടില്ല. ഇത് വോട്ടെടുപ്പില്‍ പ്രതിഫലിച്ചാലും കെ.സിക്കാണ് തിരിച്ചടിയാകുക. ലീഗിന്റെ ആവശ്യത്തിന്‍ മേല്‍ പാരവച്ചത് കെ.സി വേണുഗോപാലാണെന്ന വികാരമാണ് ലീഗ് അനുഭാവികള്‍ക്കിടയിലുമുള്ളത്.

മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസ്സും കെ.സിയും എന്തു ചെയ്തു എന്ന ചോദ്യം സമുദായത്തില്‍ നിന്നും ഉയരുമ്പോള്‍ , അതിന് വ്യക്തമായ മറുപടി നല്‍കാന്‍ പറ്റാത്ത അവസ്ഥയിലാണ് യു.ഡി.എഫ് ന്നേതൃത്വമുള്ളത്. എന്നാല്‍ ഇടതുപക്ഷമാകട്ടെ എണ്ണി എണ്ണിയാണ് തങ്ങളുടെ ഇടപെടല്‍ ജനങ്ങള്‍ക്കു മുന്നില്‍ നിരത്തുന്നത്. പ്രചരണ രംഗത്തെ ഇടതുപക്ഷത്തിന്റെ ഈ മുന്നേറ്റം കണ്ട് പകച്ചു നില്‍ക്കുകയാണിപ്പോള്‍ കെ.സി വേണുഗോപാല്‍. കെ.സി ആലപ്പുഴയില്‍ മത്സരിക്കാന്‍ എടുത്ത തീരുമാനം മണ്ടന്‍ തീരുമാനമായിപ്പോയെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ആലപ്പുഴയില്‍ കെ.സി വീണാല്‍ പിന്നെ ഡല്‍ഹിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലന്നു തന്നെയാണ് അവരും ചൂണ്ടിക്കാട്ടുന്നത്.

EXPRESS KERALA VIEW

Top