തിലോത്തമനെ ‘തിരുത്തിയിട്ടുമതി’ സി.പി.ഐയുടെ വിമർശനങ്ങളെല്ലാം

ടതുപക്ഷത്തിരുന്ന് വലതുപക്ഷത്തിന്റെ സ്വഭാവം കാണിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. ഇക്കാര്യം പല തവണ ഞങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.’തങ്ങള്‍ മാത്രം ആദര്‍ശവാദികള്‍ മറ്റെല്ലാവരും മോശക്കാര്‍’ എന്ന ബോധമാണ്, സി.പി.ഐ നേതൃത്വത്തെ ഇപ്പോഴും നയിക്കുന്നത്.

തോളിലിരുന്ന് ചെവി തിന്നുന്ന ഏര്‍പ്പാടാണിത്. ഭരണപക്ഷത്തെ രണ്ടാമത്തെ പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്നും, സര്‍ക്കാറിനെതിരെ എന്ത് വിമര്‍ശനമുണ്ടായാലും അത് വലിയ വാര്‍ത്തയാകും. കുത്തക മാധ്യമങ്ങള്‍ക്ക് ഇങ്ങനെ ‘വളമിട്ട് നല്‍കുന്ന’ ഏര്‍പ്പാട്, സി.പി.ഐ അവസാനിപ്പിക്കണം. മുന്നണിയില്‍ പറയേണ്ട കാര്യങ്ങള്‍ മുന്നണിയിലാണ് പറയേണ്ടത്. അതല്ലാതെ പിന്നില്‍ നിന്നും കുത്തരുത്. പാര്‍ട്ടി മുഖ പത്രമായ ജനയുഗത്തില്‍ സി.പി.ഐ അസി.സെക്രട്ടറി എഴുതിയ ലേഖനമാണ് പുതിയ വിവാദത്തിനിപ്പോള്‍ വഴിമരുന്നിട്ടിരിക്കുന്നത്. കാനം രാജേന്ദ്രന്റെ സി.പി.എം വിമര്‍ശനത്തിന് പിന്നാലെയാണ്, പ്രകാശ് ബാബുവിന്റെയും വിമര്‍ശനം വന്നിരിക്കുന്നത്.

കേരള കോണ്‍ഗ്രസ്സ് ജോസ്.കെ മാണി വിഭാഗവുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ്, കാനം സി.പി.എമ്മിനെ വിമര്‍ശിച്ചിരുന്നത്. ഇതിന് മുഖ്യമന്ത്രി തന്നെ പിന്നിട് നേരിട്ട് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനു ശേഷമാണിപ്പോള്‍, പാര്‍ട്ടി മുഖപത്രത്തിലൂടെ സി.പി.ഐ അസി.സെക്രട്ടറി, മറ്റൊരു വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്, കണ്‍സള്‍ട്ടന്‍സികളെ നിയോഗിച്ചതിനെതിരെയാണ് പരസ്യ വിമര്‍ശനം. സകല സി.പി.എം വിരുദ്ധ മാധ്യമങ്ങളും ഇത് വലിയ വാര്‍ത്തയാക്കിയിട്ടുമുണ്ട്.

ടെന്റര്‍ ഇല്ലാതെ കോടികളുടെ കരാറാണ് ചിലര്‍ നേടുന്നതെന്നും, ഈ കരാറുകള്‍ മറിച്ചു കൊടുക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടെന്നുമാണ് ആരോപണം. ഇത്തരത്തില്‍ കമ്മീഷന്‍ വാങ്ങി മാത്രം പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ ഇവിടെയുണ്ടെന്നും, സി.പി.ഐ നേതാവ് ലേഖനത്തില്‍ പറയുന്നുണ്ട്. ചിലരുടെ ആകര്‍ഷകമായ സംഭാഷണ ചാതുര്യവും, പ്രസരിപ്പും, ഒരു മുതലാളിത്ത സാമൂഹിക വ്യവസ്ഥിതിയില്‍, അധികാരത്തിലിരിക്കുന്ന പലരെയും സ്വാധീനിക്കുന്നുണ്ടാവാം എന്നാണ് ലേഖനത്തിലെ മറ്റൊരു വിമര്‍ശനം. വന്‍കിട വ്യവസായ ലോബികളും, റിസോര്‍ട്ട് -മണല്‍ മാഫിയകളും, ഊഹകച്ചവടക്കാരും ഇടതുപക്ഷത്തിന്റെ പ്രകടനപത്രികക്ക് അന്യമാണെന്നും, സി.പി.ഐ നേതാവ് ജനയുഗത്തിലൂടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഈ ഓര്‍മ്മപ്പെടുത്തല്‍, സി.പി.ഐ ആദ്യം നടത്തേണ്ടത് സ്വന്തം മന്ത്രിമാരോടാണ്. പ്രത്യേകിച്ച് ഭക്ഷ്യമന്ത്രി തിലോത്തമന്റെ ചെയ്തികള്‍ പരിശോധിക്കപ്പെടണം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, 5 എം.ഡിമാരാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിന്നും തെറിച്ചിരിക്കുന്നത്. ഗുരുതര അഴിമതി ആരോപണങ്ങളാണ് ഇവരില്‍ പലര്‍ക്കുമെതിരെ വന്നിട്ടുള്ളത്. ഇതേ കുറിച്ച് സമഗ്രമായ ഒരന്വേഷണം നടത്തിയാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരിക.

2018ലെ വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയ നെല്ലും അരിയും നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്, നടന്നിരിക്കുന്നത് കോടികളുടെ അഴിമതിയാണ്. 50,223 ടണ്‍ നെല്ലും അരിയുമാണ് നശിച്ചുപോയിരിക്കുന്നത്. ഈ നെല്ലും അരിയും 273 കോടിക്കാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ഇന്‍ഷൂര്‍ ചെയ്തിരുന്നത്.163 കോടിക്ക് ക്ലെയിം കൊടുത്തടത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ലഭിച്ചത് വെറും 25 കോടി മാത്രമാണ്. ഈ നശിച്ചുപോയ അരിയിലും നെല്ലിലും 25,000 sണ്ണോളം, പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള ഒരേ ഉടമസ്ഥതയിലുള്ള ആറ് മില്ലുകളില്‍ നിന്നുള്ളതാണ്. ഈ പാഴായ അരിയും നെല്ലും നീക്കം ചെയ്യാന്‍ ടെണ്ടര്‍ വിളിച്ചപ്പോള്‍, ലഭിച്ചതും മുന്‍പ് സൂചിപ്പിച്ച മില്ലുകള്‍ക്കാണ്. ഇവരുടെ തന്നെ ബിനാമികളാണ് ടെണ്ടര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്.

നശിപ്പിച്ചു കളയേണ്ട നെല്ലും അരിയും റീ പ്രോസസ് ചെയ്ത് വില്‍പ്പന നടത്തികൊണ്ടിരിക്കുന്നതായ ആക്ഷേപവും, മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു. ഈ ടെണ്ടര്‍ ഇടപാടില്‍, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ആകെ ലഭിച്ചിരിക്കുന്നത് 12 കോടിയാണ്. ഇന്‍ഷൂറന്‍സ് തുകയും മറ്റും കണക്കാക്കിയാല്‍ പോലും 50 കോടിയോളമേ വരികയുള്ളൂ. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എഫ്.സി.ഐ മാനദണ്ഡം പാലിച്ചാണ് ടെണ്ടര്‍ നടത്തിയിരുന്നതെങ്കില്‍, 100 കോടിയോളം വരുമാനം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് കിട്ടുമായിരുന്നു. ഇക്കാര്യത്തിന്‍ ഗുരുതര വീഴ്ചയാണ് സി.പി.ഐ മന്ത്രി ഭരിക്കുന്ന ഭക്ഷ്യവകുപ്പിന് സംഭവിച്ചിരിക്കുന്നത്.

നശിച്ചു പോയ അരിയും നെല്ലും കിലോക്ക് 5 രൂപ 30 പൈസക്കാണ് വിറ്റിരിക്കുന്നത്. എഫ്.സി.ഐ മാനദണ്ഡം പാലിച്ചിരുന്നു എങ്കില്‍, മിനിമം 10 രൂപയോളം ലഭിക്കുമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടും മന്ത്രി തിലോത്തമനും, ഫുഡ് സെക്രട്ടറിക്കും, സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. 150 കോടിയുടെ അഴിമതിയാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. മുന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരടക്കമാണ് പലവട്ടം നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരന്റെ പെന്‍ഷന്‍ ആനുകൂല്യം പിടിച്ചുവയ്ക്കാനും ഇതിനിടെ ശ്രമങ്ങളുണ്ടായി.

പിന്നീട് ആലപ്പുഴ സനാദനപുരം സ്വദേശിയായ വേണുഗോപാലന്‍ നായര്‍, ഇതേ ആവശ്യം ഉന്നയിച്ച് വിജിലന്‍സിനും പരാതി നല്‍കുകയുണ്ടായി. അഞ്ച് മാസം മുന്‍പ് പൂജപ്പുര വിജിലന്‍സ് ഓഫീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇനി ഇടപെടേണ്ടത്. ഇതോടൊപ്പം തന്നെ, കഴിഞ്ഞ നാലര വര്‍ഷത്തോളം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസ് ഉള്‍പ്പെടെ നടത്തിയ കോണ്‍ട്രാക്റ്റ് നിയമനങ്ങളും പരിശോധിക്കപ്പെടണം. പ്രത്യേകിച്ച്, എം.ഐ.എസ് സെക്ഷനിലെ കോണ്‍ട്രാക്റ്റ് നിയമനങ്ങള്‍, പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

14,859 റേഷന്‍ കടകളില്‍ സ്ഥാപിച്ച ‘ഇ പോസ്’ മിഷിന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയും സര്‍ക്കാര്‍ അന്വേഷിക്കണം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പലവഞ്ചനങ്ങള്‍ വാങ്ങുന്ന ‘ഇ-ടെന്‍ഡറിലും’, അഴിമതി നടക്കുന്നതായ ആരോപണമുണ്ട്. ഇതും പരിശോധിക്കപെടണം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, സ്റ്റോര്‍ പര്‍ച്ചേഴ്സ് മാനുവലിന്റെ പരിധിയില്‍ വരുന്നതാണ്. ഈ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളെല്ലാം, കേരള സര്‍ക്കാറിന്റെ ‘ഇ ടെന്‍ഡര്‍’ പോര്‍ട്ടില്‍ കൂടിയേ സാധനങ്ങള്‍ വാങ്ങാവൂ എന്നതാണ് നിയമം. എന്നാല്‍, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ‘ഇ ടെന്‍ഡര്‍’ നടത്തുന്നത്, ബാംഗ്ലൂര്‍ ആസ്ഥാനമായ കിയോണിക്സ് എന്ന സ്ഥാപനം മുഖേനയാണ്. ഇതിനായി മാസം 85,000 രൂപയാണ് ചിലവ്. മുംബൈ ആസ്ഥാനമായ ഒരു സ്ഥാപനത്തിന്റെ പോര്‍ട്ടലും അവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

സ്‌കൂള്‍ കുട്ടികള്‍ക്ക് കിറ്റുകള്‍ കൊടുക്കുന്നതിനായി കോട്ടണ്‍ ക്യാരിബാഗ് വാങ്ങിയതിലും, അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ടെന്‍ഡര്‍ വിളിച്ച് ഓപ്പണ്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ, കൂടിയ വിലക്ക് 8 ലക്ഷത്തോളം ബാഗ് വാങ്ങിയതിലാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ഇതു പോലെ നിരവധി ആരോപണങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് എതിരെ നിലവിലുണ്ട്. ലഭിച്ച പരാതികളില്‍ പോലും നടപടിയെടുക്കാത്ത വകുപ്പ് മന്ത്രിക്ക്, ഉത്തരവാദിത്തത്തില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയുകയില്ല.

സി.പി.ഐ അസി. സെക്രട്ടറി ആരോപിച്ചത് പോലെ, കമ്മിഷന്‍ മാത്രം വാങ്ങുന്ന സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും, സ്വന്തം മന്ത്രിയുടെ വകുപ്പിലും ഉണ്ടോ എന്നതും പരിശോധിക്കുന്നത് നല്ലതായിരിക്കും. എന്നിട്ട് വേണം മറ്റു മന്ത്രിമാരെയും വകുപ്പുകളെയുമെല്ലാം കുറ്റപ്പെടുത്താന്‍. സര്‍ക്കാര്‍ പണം കൈക്കലാക്കാന്‍ വരുന്ന ആധുനിക ‘മാരീചന്‍മാര്‍’, സി.പി.ഐ മന്ത്രിയുടെ ഒപ്പമുണ്ടെങ്കില്‍, അതു കണ്ടെത്താനും അന്വേഷണം അനിവാര്യമാണ്.

Expressview

Top