“അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു”- തിലകന്റെ മകള്‍

ച്ഛനു വേണ്ടി നെടുമുടി വേണുവിനോട് മാപ്പു ചോദിച്ച് തിലകന്റെ മകള്‍. ഒരു പൊതുപരിപാടിയ്ക്കിടെയാണ് തിലകന്റെ മകള്‍ സോണിയ നെടുമുടി വേണുവിനോട് പരസ്യമായി മാപ്പു ചോദിച്ചത്.

“വേണു സാര്‍ ഇരിക്കുന്ന ഈ വേദിയില്‍ ഒരു കാര്യം പറയാതെ വയ്യ. എന്റെ അച്ഛനും വേണു സാറും തമ്മില്‍ സിനിമാ ലോകത്തുണ്ടായ പ്രശ്നങ്ങളും ശത്രുതയും എല്ലാര്‍ക്കുമറിയാം. ആ തര്‍ക്കം കൊടുമ്പിരികൊണ്ടിരുന്ന നാളുകളില്‍ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്‍കാവിലുളള എന്റെ ക്ലിനിക്കില്‍ ചികില്‍സയ്ക്ക് വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകള്‍. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനെത്രയോ ചെറുതായി എന്നെനിക്ക് തോന്നി.

തിലകന്‍ ചേട്ടനും എന്റെ ഭര്‍ത്താവും തമ്മില്‍ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമ്മുടെയിടയില്‍ അതൊന്നും ഉണ്ടാവരുതെന്നും ക്ലിനിക്കില്‍ നിന്ന് ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു. സോണിയ ഞങ്ങളുടെ വീട്ടില്‍ വരണം. ക്ഷണിക്കുന്നു. അടുത്തൊരു ദിവസം ഞാന്‍ പോയി. ഊഷ്മളമായ സ്നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു” എന്നാണ് സോണിയ പറഞ്ഞത്. സംസാരിച്ച ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങിയ സോണിയയെ നെടുമുടി വേണു ആശ്വസിപ്പിക്കുകയും ചെയ്തു.

തിലകനും നെടുമുടി വേണുവും തമ്മിലുളള പിണക്കവും സിനിമാ ലോകത്തുണ്ടായ പ്രശ്നങ്ങളും ഏറെക്കാലം നീണ്ടുനിന്നിരുന്നു. ഇരുവരുടെയും പിണക്കത്തിന് പല കാരണങ്ങളാണ് സിനിമ മേഖലയില്‍ പറഞ്ഞുകേട്ടത്. തിലകനു വന്ന ഓഫറുകള്‍ പലതും നെടുമുടി വേണു തട്ടിയെടുത്തു എന്ന ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു.

Top