ബസ് യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച സ്ത്രീകളെ പിടി കൂടാന്‍ സഹയാത്രിക ചെയ്തത്

ഇരിങ്ങാലക്കുട: ബസില്‍ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച യുവതികളെ സഹയാത്രിക പിന്‍തുടര്‍ന്ന് ഓടിച്ചിട്ട് പിടികൂടി പൊലീസിലേല്‍പിച്ചു.

സംഭവത്തില്‍ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനികളായ അഭിരാമി, ദിവ്യ എന്നിവരെ ഇരിങ്ങാലക്കുട ട്രാഫിക് എസ്.ഐ. തോമസ് വടക്കന്‍ അറസ്റ്റു ചെയ്തു.

കൊടുങ്ങല്ലൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ഇരിങ്ങാലക്കുട ചന്തക്കുന്നിലെത്തിയപ്പോള്‍ യുവതിയുടെ ബാഗിന്റെ സിബ് തുറന്ന് പഴ്‌സ് എടുക്കുന്നതുകണ്ട് മറ്റൊരു യാത്രക്കാരി ബഹളംവെക്കുകയായിരുന്നു.

തുടര്‍ന്ന് നിര്‍ത്തിയ ബസില്‍ നിന്ന് ഇറങ്ങി ഓടിയ യുവതികളെ സഹയാത്രികയായ അന്‍സിയ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ചന്തക്കുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ മുരളിയുടെ സഹായത്തോടെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ യുവതികളെ എത്തിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും 32ഓളം മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വ്യക്തമായി.

പ്രതികളെ ഇരിങ്ങാലക്കുട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ എ.എസ്.ഐ.മാരായ വിജു, പ്രതാപന്‍, സി.പി.ഒ.മാരായ വഹാബ്, ബിന്നല്‍, അനിത, സിന്ധു എന്നിവര്‍ ഉണ്ടായിരുന്നു.

Top