ആര്യനാട്: മദ്യശാലയുടെ പ്രീമിയം കൗണ്ടറില്‍ നിന്ന് മദ്യം മോഷ്ടിച്ച ആള്‍ അറസ്റ്റില്‍. കുറ്റിച്ചല്‍ മൈലമൂട് അക്ഷയ ഭവനില്‍ മണി കുമാറിനെ (36) ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 -ന് രാത്രി ആണ് മോഷണം നടത്തിയത്. സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്.
പ്രീമിയം കൌണ്ടറിലെത്തിയ മണികുമാര്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ കൌണ്ടറിലെ ഷോക്കേസിലെ മദ്യത്തിന്റെ കുപ്പിയെടുത്ത് അരയില്‍ തിരുകി. പിന്നീട് പണമടയ്ക്കാതെ മുങ്ങുന്നതിന് മുമ്പ് സിസിടിവി കാമറയിലേക്ക് ഒന്ന് നോക്കി. മറ്റെവിടെയൊക്കെ കാമറയുണ്ടെന്ന തരത്തില്‍ വീണ്ടും തലപൊക്കി നോക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങളാണ് മണികുമാറിനെ പിടികൂടാന്‍ പൊലീസിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
പ്രീമിയം കൗണ്ടറില്‍ നിന്ന് മണികുമാര്‍ മദ്യം എടുത്ത് ഇടുപ്പില്‍ കയറ്റിയ ശേഷം പണം നല്‍കാതെ സ്ഥലം വിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 1020 രൂപയുടെ മദ്യമാണ് മോഷ്ടിച്ചത്. ഇന്നലെ വൈകിട്ട് മണി കുമാറിനെ മദ്യശാലയില്‍ എത്തിച്ചു പൊലീസ് തെളിവെടുത്തു.