200 കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയില്‍

കോട്ടയം: വന്‍ കവര്‍ച്ചകള്‍ക്ക് പദ്ധതിയിട്ട മോഷ്ടാവിനെ കോട്ടയം പൊലീസ് പിടികൂടി. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി കൊട്ടാരം ബാബുവിനെയാണ് (52) കോട്ടയം മെഡിക്കല്‍ കോളജിനു സമീപത്തെ ലോഡ്ജില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കാര്‍ത്തികപ്പള്ളി സ്വദേശിയായ മറ്റൊരു മോഷ്ടാവ് പൊലീസ് എത്തുന്നതിന് മുന്‍പ് കടന്നു കളഞ്ഞു.

വിവിധ ജില്ലകളിലെ സ്റ്റേഷനുകളിലായി 200 കേസുകളാണ് പിടിയിലായ പ്രതിയുടെ പേരിലുള്ളത്. കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവുമായി ചേര്‍ന്ന് കല്ലമ്പലം സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ മോഷണക്കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളജ് ഭാഗത്ത് ലോഡ്ജില്‍ താമസിച്ച് നഗരത്തിലെ സമ്പന്നരുടെ വീടുകളില്‍ മോഷണം നടത്തുന്നതിന് വേണ്ടി കൂട്ടാളികളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ പരോള്‍ ഇളവുകളോടെയാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

മോഷണ മുതല്‍ ആര്‍ഭാട ജീവിതത്തിനു ഉപയോഗിക്കുകയാണ് ബാബുവിന്റെ രീതി.കോട്ടയം ഗാന്ധിനഗര്‍ പരിസരത്തെ പള്ളികളിലും ഗുരുമന്ദിരങ്ങളിലും കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറ്റുമാനൂര്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുരേഷ് വി നായര്‍ പറഞ്ഞു.

 

Top