ഇന്ന് തുലാമാസത്തിലെ പത്താമുദയം; ചിലമ്പും ചുരികയും ചെമ്പട്ടും ചുറ്റി വടക്കിന്റെ ദൈവം ഇനി മനുഷ്യര്‍ക്ക് ഇടയിലേക്ക്

കണ്ണൂര്‍: ഇന്ന് തുലാപ്പത്ത് പിറന്നതോടെ വടക്കേ മലബാറില്‍ തെയ്യക്കാലത്തിന് തുടക്കമായി. കാവുകളിലും ക്ഷേത്രങ്ങളിലും തോറ്റം പാട്ടിന്റെ താളത്തില്‍ ചെണ്ടയും ചിലമ്പൊച്ചയും തീര്‍ക്കുന്ന കാലമാണ് കളിയാട്ടക്കാലം. ഇടവപ്പാതിവരെ നീണ്ടു നില്‍ക്കുന്ന ഈ ആഘോഷക്കാലം വടക്കേ മലബാറിലെ ജനങ്ങളുടെ അനുഷ്ഠാനവും ഒപ്പം ഉത്സവകാലവുമാണ്.

കണ്ണൂര്‍ കൊളച്ചേരി ചാത്തമ്പള്ളി കാവിലെ തെയ്യാട്ടത്തോടെയാണ് ഈ വര്‍ഷത്തെ തെയ്യക്കാലത്തിന് തുടക്കമാകുന്നത്. തുടര്‍ന്ന് ആറ് മാസക്കാലം വടക്കിന്റെ മണ്ണില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കളിയാട്ടക്കാലമാണ്. അനുഷ്ഠാനപൂര്‍വം തെയ്യം കെട്ടിയാടുന്ന വണ്ണാന്‍, മലയര്‍, വേലന്മാര്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, മാവിലര്‍, ചിങ്കത്താന്മാര്‍, കോപ്പാളര്‍, പുലയര്‍ തുടങ്ങിയ സമുദായങ്ങളിലെ കോലധാരികള്‍ ആണ് തെയ്യം കെട്ടുന്നത്.

ദൈവം മണ്ണിലേക്കെത്തുന്ന തുലാമാസത്തിലെ പത്താമുദയം എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഇതോടെ വിശ്വാസത്തിന്റെ കല്‍വിളക്കില്‍ തോറ്റംപാട്ടിന്റെ തിരിതെളിയുന്നു. ചിലമ്പും ചുരികയും ചെമ്പട്ടും ചുറ്റി വടക്കിന്റെ ദൈവം ഇനി മനുഷ്യര്‍ക്ക് ഇടയിലേക്ക് എന്നാണ് ഈ വിശേഷ കാലത്തെ വടക്കേ മലബാറുകാര്‍ പറയുന്നത്.

അനീതിയുടെ ഇടവഴിയില്‍ ചതിയിലൂടെ കൊല ചെയ്യപ്പെട്ട വിഷകണ്ഠന്‍ തെയ്യമാണ് ചാത്തമ്പള്ളി കാവില്‍ കെട്ടിയാടുന്നത്. പഴമയും പാരമ്പര്യവും ചേര്‍ത്ത് കെട്ടിയ ചെക്കിപൂമാല, അനീതിക്കെതിരെയുള്ള പടപ്പുറപ്പാടിന്റെ ചുവന്ന ഉടയാട, ചായില്യം ചേര്‍ത്ത് എഴുതിയ മുഖത്തെഴുത്ത്, കുത്തുവിളക്കിന്റെ കരിമഷി, കുരുത്തോല ചമയങ്ങള്‍, എല്ലാം ചേര്‍ന്നാല്‍ പ്രകൃതിയായി. അത് തന്നെയാണ് തെയ്യം അഥവാ ദൈവം. കണ്ടനാര്‍ കേളനായും, കതിവന്നൂര്‍ വീരനായും, കളരിയാല്‍ ഭഗവതിയായും വടക്കന്റെ തെയ്യങ്ങള്‍ ഇനി വര്‍ഷത്തിന്റെ പകുതിയോളം ചിലങ്ക കിലുക്കി കൊണ്ടിരിക്കും.

Top