മുഖ്യനാവാൻ മോഹവുമായി അവരും ! ! ചങ്കിടിക്കുന്നത് ഗ്രൂപ്പ് നേതാക്കൾക്ക്

നിയമസഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എ.കെ ആന്റണിയും തന്ത്രപരമായ നീക്കത്തില്‍. തന്റെ വിശ്വസ്തരായ മുല്ലപ്പള്ളി രാമചന്ദ്രനെയും വി.എം സുധിരനെയും എം.എം ഹസ്സനെയും മത്സരിപ്പിക്കാനാണ് ആന്റണിയുടെ നീക്കം. കെ.പി.സി.സി പ്രസിഡന്റായ മുല്ലപ്പള്ളി, കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സ്വയം ഒഴിഞ്ഞു നിന്ന നേതാവാണ്. അധികാരം ലഭിച്ചാല്‍, മുഖ്യമന്ത്രി കസേര ആഗ്രഹിക്കുന്നവരില്‍ പ്രധാനിയാണ് മുല്ലപ്പള്ളി.

സുധീരന് അത്തരം അതിമോഹമൊന്നും ഇല്ലങ്കിലും, അവസരം ലഭിച്ചാല്‍, അദ്ദേഹവും മുഖ്യമന്ത്രി കസേര വിട്ടു കളയില്ല. ഡി.സി.സി. ഭാരവാഹികള്‍ ഉള്‍പ്പെടെ നല്ലൊരു വിഭാഗവും ഈ പക്ഷത്തോടൊപ്പം ഉണ്ട്. കെ.പി.സി.സി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറും ഇതില്‍പ്പെടും.തൃശൂര്‍ എം.പി, ടി.എന്‍ പ്രതാപനും അനില്‍ അക്കരെ, വി.വി പ്രകാശ് തുടങ്ങിയവരും സുധീരന്‍ അനുകൂലികളാണ്. യുവ എം.എല്‍.എ വി.ടി ബല്‍റാമിനും ഈ വിഭാഗത്തിനോടാണ് കൂടുതല്‍ അടുപ്പം. മുഖ്യമന്ത്രി മോഹം വച്ചു പുലര്‍ത്തുന്നവരില്‍, നിലവിലെ പ്രമുഖര്‍ രമേശ് ചെന്നിത്തലയും, ഉമ്മന്‍ ചാണ്ടിയുമാണ്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ശക്തി തന്നെയാണ് ഇരുവരുടെയും ശക്തി. മറ്റുള്ളവര്‍ക്ക് ഇല്ലാത്തതും അതുതന്നെയാണ്.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് മുല്ലപ്പള്ളിയും സുധീരനും സജീവമായാല്‍, തര്‍ക്കവും അതിരൂക്ഷമാകും. അത്തരമൊരു സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നും പറന്നിറങ്ങാമെന്നതാണ് ആന്റണി കണക്ക് കൂട്ടുന്നത്.മുന്‍പ് ഇതു പോലെ പറന്നിറങ്ങി, മുഖ്യമന്ത്രി കസേരയിലിരുന്ന ചരിത്രവും ആന്റണിക്കുണ്ട്. അന്ന് ഉപതിരഞ്ഞെടുപ്പില്‍, മുസ്ലീം ലീഗ് വിട്ടു നല്‍കിയ തിരൂരങ്ങാടിയില്‍ മത്സരിച്ചാണ് അദ്ദേഹം വിജയിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ഇനിയും മുഖ്യമന്ത്രിയാവാന്‍ ആരോഗ്യമുണ്ടെങ്കില്‍, തനിക്കും അതുണ്ടെന്ന നിലപാടിലാണിപ്പോള്‍ ആന്റണിക്കുള്ളത്.ഭരണം ലഭിച്ചാല്‍, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായാല്‍, പൊതു സമ്മതനാകാന്‍ ആഗ്രഹിക്കുന്നതും, വ്യക്തമായ കന്നക്കു കൂട്ടലില്‍ തന്നെയാണ്.

പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാട്ടത്തെ, വഴി തിരിച്ചുവിടുവാനാണ്, മുല്ലപ്പള്ളിയെയും വി.എം സുധീരനെയും മത്സരിപ്പിക്കാന്‍, ആന്റണി ശ്രമിക്കുന്നത്.ഇനി തനിക്ക് ഒരു ഊഴം കൂടി ഹൈക്കമാന്റ് നല്‍കിയില്ലങ്കില്‍, ഇവരില്‍ രണ്ടു പേരില്‍ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കുക എന്നതും ആന്റണിയുടെ അജണ്ടയാണ്.പിണറായിക്ക് എതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍,രണ്ട് ജനകീയ നേതാക്കള്‍ മാത്രമാണ് കോണ്‍ഗ്രസ്സിലുള്ളത്. അത്, ഉമ്മന്‍ ചാണ്ടിയും വി.എം സുധീരനുമാണ്.

കോണ്‍ഗ്രസ്സ് അണികളില്‍, സ്വീകാര്യത കൂടുതല്‍ ഉമ്മന്‍ചാണ്ടിക്കാണ്. യു.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയിലും ഈ മേധാവിത്വം പ്രകടമാണ്.പൊതു സമൂഹത്തില്‍, വി.എം സുധീരനാണ് സ്വീകാര്യത കൂടുതല്‍. അദ്ദേഹത്തിന്റെ അഴിമതിരഹിത പ്രതിച്ഛായയാണ് ഇതിനു കാരണം. രാഹുല്‍ ഗാന്ധിയും ആഗ്രഹിക്കുന്നത്, സുധീരനെ പോലെയുള്ളവരെ ഉയര്‍ത്തിക്കാട്ടണമെന്നതാണ്.ഈ നീക്കത്തെ ശരിക്കും എതിര്‍ക്കുന്നത് എ- ഐ ഗ്രൂപ്പുകളാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും സുധീരനെ തെറിപ്പിച്ചതും ഈ ഗ്രൂപ്പ് രാഷ്ട്രീയമാണ്. നിയമസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി, സുധീരന്‍ -മുല്ലപ്പള്ളി – ആന്റണി കുറു മുന്നണിയാണിപ്പോള്‍ രൂപം കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം കുറു മുന്നണിക്ക് പുറത്ത് പോകരുതെന്നാണ്, എം.എം ഹസ്സനും ആഗ്രഹിക്കുന്നത്. പഴയ സുധീരന്‍ വിരോധമെല്ലാം ഹസ്സനും ഇപ്പോള്‍ മറന്നിട്ടുണ്ട്. അതേസമയം, ഉമ്മന്‍ ചാണ്ടി വിഭാഗം ശക്തമായ കരുനീക്കളാണ് അണിയറയില്‍ നടത്തുന്നത്.

എം.എല്‍.എമാരുടെ എണ്ണം കൂട്ടണമെന്നതാണ് എ ഗ്രൂപ്പിന്റെ താല്‍പ്പര്യം.വിജയ സാധ്യതയുള്ള മണ്ഡലങ്ങളാണ് അവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഐ ഗ്രൂപ്പിനെ പിളര്‍ത്തുക എന്നതും എ ഗ്രൂപ്പിന്റെ തന്ത്രമാണ്. ഇപ്പോള്‍ തന്നെ കെ മുരളീധരന്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണ്. അടൂര്‍ പ്രകാശിനും ഹൈബി ഈഡനും ചെന്നിത്തലയേക്കാള്‍ താല്‍പ്പര്യവും, ഉമ്മന്‍ ചാണ്ടിയോടാണ്.ഐ ഗ്രൂപ്പിലെ മറ്റൊരു പ്രമുഖന്‍ എ.പി അനില്‍കുമാറാകട്ടെ കെ.സി വേണുഗോപാലിനൊപ്പമാണുള്ളത്. കെ.സിയാകട്ടെ, ഐ ഗ്രൂപ്പില്‍ തന്നെ കുറു മുന്നണി ഉണ്ടാക്കിയിട്ടുമുണ്ട്. ഇതും രമേശ് ചെന്നിത്തലയ്ക്ക് വലിയ ഭീഷണിയാണ്.അദ്ദേഹത്തിന്റെ വലിയ വിശ്വസ്തര്‍ ജോസഫ് വാഴക്കനും വി.എസ് ശിവകുമാറുമാണ്.

ഐ വിഭാഗക്കാരനായ ശബരീനാഥന്‍, ശിവകുമാറിനെ സംബന്ധിച്ചും ഒരു എതിരാളിയാണ്. ഭരണം ലഭിച്ചാല്‍,തലസ്ഥാനത്ത് നിന്നുള്ള മന്ത്രി സ്ഥാനത്തിന്, ശബരി പാരയാകുമോ എന്നാണ് ശിവകുമാര്‍ ഭയപ്പെടുന്നത്. അതു കൊണ്ടു തന്നെ,ശബരീനാഥും ഗ്രൂപ്പ് ‘കളത്തില്‍’ നിന്നും പുറത്ത് കടക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അധികാരം ലഭിച്ചാല്‍, എം.എല്‍.എമാരുടെ എണ്ണം എ, ഐ ഗ്രൂപ്പുകള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്. അതു കൊണ്ടു തന്നെ, പരസ്പരം കാലുവാരാനുള്ള സാധ്യതയും കൂടുതലാണ്. ഇക്കാര്യത്തില്‍ വലിയ ക്ഷതം ഏല്‍പ്പിക്കാന്‍ കഴിയുക എ ഗ്രൂപ്പിനാണ്. അവര്‍ക്കാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ശക്തിയുള്ളത്.

ഐ വിഭാഗം ആഗ്രഹിച്ചാല്‍ പോലും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി തോല്‍ക്കില്ല. അതേ സമയം, എ വിഭാഗം തീരുമാനിച്ചാല്‍, ഹരിപ്പാട്ട് ചെന്നിത്തലയുടെ നില പരുങ്ങലിലാകും.ഇവിടെ എന്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും വോട്ടിലെ ഒരു വിഹിതം വീഴുന്നതും, ചെന്നിത്തലയുടെ പെട്ടിയിലാണ്.ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് ഏറെ ആഗ്രഹിക്കുന്നതും ഈ വിഭാഗം തന്നെയാണ്. മുസ്ലീംലീഗിന് ചെന്നിത്തല സ്വീകാര്യനല്ലാതായി മാറുന്നതും ഇതുകൊണ്ട് തന്നെയാണ്. അധികാരം ലഭിച്ചാല്‍, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി, ലീഗിന് ഉപമുഖ്യമന്ത്രി പദം എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും, ഇപ്പോള്‍ ശക്തമാണ്.

Top