കമ്യൂണിസ്റ്റിനെ കൊന്ന് അവർ തുടങ്ങി, ഒടുവിൽ താക്കറെയുടെ പാർട്ടി ‘വെട്ടിൽ’

നാധിപത്യത്തേക്കാൾ കൈക്കരുത്തിൽ വിശ്വസിച്ച ആളാണ് ബാൽ താക്കറെ. ആ മനുഷ്യനു മുന്നിൽ നിയമം പോലും പകച്ചു പോയ എത്രയോ സന്ദർഭങ്ങൾക്ക് രാജ്യം സാക്ഷിയാണ്. മറാത്ത മണ്ണിലെ ബാൽ താക്കറെയുടെ സ്വാധീനം അത്രയ്ക്കും ശക്തമായിരുന്നു. ഒന്നു വിരൽ ഞൊടിച്ചാൽ മഹാനഗരത്തെ തന്നെ ചാമ്പലാക്കാനുള്ള കരുത്ത് താക്കറെയ്ക്ക് ഉണ്ടായിരുന്നു. ഇത് അറിയുന്നതു കൊണ്ടാണ് കാക്കിപ്പടയുടെ നിഴൽപോലും അദ്ദേഹത്തിനു മേൽ പതിയാനും ഭയപ്പെട്ടിരുന്നത്.മഹാരാഷ്ട്രയിൽ ശിവസേന രൂപീകരിക്കപ്പെട്ടതു മുതൽ പലയിടത്തും അവർ കൈക്കരുത്ത് കാട്ടിയിട്ടുണ്ട്. തദ്ദേശീയ വാദമായിരുന്ന പ്രധാന മുഖമുദ്ര.

1963 മുതൽ 1975 വരെയുള്ള കോൺഗ്രസ്സ് ഭരണത്തിലാണ് ശിവസേന മഹാരാഷ്ട്രയിൽ ശക്തമായി വേരുറപ്പിച്ചിരുന്നത്. സങ്കുചിത പ്രാദേശികവാദത്തിനും വെറുപ്പും വിദ്വേഷവും നിറഞ്ഞ രാഷ്ട്രീയത്തിനും മറാത്ത ജനസമൂഹത്തിൽ ലഭിച്ചത് വമ്പിച്ച ജനസ്വീകാര്യതയാണ്. ഇത് മുൻകൂട്ടി കണ്ടതാണ് താക്കറെയുടെ ദീർഘവീക്ഷണം. ബോംബെയിലെ വ്യവസായ ലോബികളും രാഷ്ട്രീയ നേതൃത്വവും ചേർന്ന് എങ്ങനെയാണ് താക്കറെയേയും ശിവസേനയേയും വളർത്തിയത് എന്നത് ‘സ്‌ക്രോൾ’ പ്രസിദ്ധീകരിച്ച സുജാത ആനന്ദന്റെ ലേഖനത്തിൽ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ഒരു കമ്യൂണിസ്റ്റിന്റെ ചോര വീണ കഥകൂടിയാണത്.

ബോംബെയിലെ നിരായുധനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ ഇരുട്ടിന്റെ മറവിൽ ചക്രവ്യൂഹം ചമച്ച് ഒരു സംഘം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് താക്കറെയുടെ കറുപ്പും വെളുപ്പും നിറമുള്ള പൂന്തോട്ടത്തിൽ കാവി നിറമുള്ള പൂക്കൾ വിരിഞ്ഞിരുന്നത്. മഹാരാഷ്ട്ര നിയമസഭയിലും പുറത്തും കോൺഗ്രസ് സർക്കാരിനെ അസ്വസ്ഥമായ ചോദ്യങ്ങൾ കൊണ്ട് വിറപ്പിച്ചിരുന്ന കമ്യൂണിസ്റ്റ് നേതാവ് കൃഷ്ണ ദേശായ് ആണ് അന്നു ക്രൂരമായി കൊല്ലപ്പെട്ടിരുന്നത്. ആരേയും കൂസാത്ത ആരേയും ഭയപ്പെടാത്ത കരുത്തനായ ആ കമ്യൂണിസ്റ്റിന്റെ കൊലപാതകം മഹാരാഷ്ട്രയെ ഞെട്ടിക്കുന്നതായിരുന്നു.ഇതോടെ, ജനങ്ങൾക്കിടയിൽ ഉയർന്ന ഭയത്തെയും  ശിവസേന പിന്നീട് അവരുടെ വളർച്ചക്കുള്ള വളമാക്കി മാറ്റുകയാണ് ഉണ്ടായത്.

വ്യവസായ നഗരമായ ബോംബെയിൽ സകല മേഖലകളിലും ആധിപത്യമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളെ നേരിടാൻ ശിവസേനയെ വളർത്തിക്കൊണ്ടുവന്നത് കോൺഗ്രസും അന്നത്തെ മുഖ്യമന്ത്രി വസന്ത് റാവു നായിക്കും ആയിരുന്നു എന്നത് ഒരു ചരിത്ര യാഥാർത്ഥ്യമാണ്.വ്യവസായ ലോബിയുടെ ‘അജണ്ടയും’ ഇതിനു പിന്നിലുണ്ടായിരുന്നു. അനീതിക്കെതിരെ പൊരുതുന്ന കമ്മ്യൂണിസ്റ്റുകാരെ ഒതുക്കേണ്ടത് ശിവസേനയുടെ മാത്രമല്ല, കോൺഗ്രസ്സിന്റെയും മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമായിരുന്നു. കമ്യൂണിസ്റ്റുകളെ വീഴ്ത്തിയിട്ടും താക്കറെ നിർത്താൻ തയ്യാറായിരുന്നില്ല വർഗീയത ഉണർത്തിയും അയൽ സംസ്ഥാനക്കാരോടും അയൽ രാജ്യക്കാരോടുമുള്ള വെറുപ്പ് വളർത്തിയും പ്രകോപനപരമായ പ്രസ്താവനകൾ അദ്ദേഹം നിരന്തരം തുടരുകയാണ് ഉണ്ടായത്.ഇത്തരം പ്രവർത്തികളിലൂടെയാണ് താക്കറെ തന്റെ രാഷ്ട്രീയ മേഖലയെ രൂപപ്പെടുത്തിയിരുന്നത്. 1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നടപ്പിലാക്കിയ അടിയന്തിരാവസ്ഥയെ പരസ്യമായി അനുകൂലിച്ച പാർട്ടി കൂടിയാണ് ശിവസേന.

1984 മുതലാണ് ശിവസേന-ബിജെപി സഖ്യം മഹാരാഷ്ട്രയിൽ നിലവിൽ വന്നിരുന്നത്. ആദ്യ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൃത്യം ഒരു വർഷത്തിന് ശേഷം ബോംബേ കോർപ്പറേഷൻ ഭരണം പിടിച്ചെടുത്താണ് ശിവസേന കരുത്ത് കാട്ടിയിരുന്നത്. തുടർന്ന് ബി.ജെ.പിയുമായി കൂട്ടു ചേർന്ന് സംസ്ഥാന ഭരണവും കയ്യാളുകയാണ് ഉണ്ടായത്.

1995-ലാണ് ബിജെപി-ശിവസേന സഖ്യം ആദ്യമായി മഹാരാഷ്ട്രയിൽ അധികാരത്തിലേറിയിരുന്നത്. അന്ന് 73 സീറ്റുകൾ നേടിയ ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനവും ലഭിച്ചു. മനോഹർ ജോഷിയാണ് മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടിരുന്നത്. എന്നാൽ,പിന്നീട് 1999-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എൻസിപി സഖ്യത്തോട് കാവിപ്പട പരാജയപ്പെടുകയുണ്ടായി.2003-ലാണ് മകൻ ഉദ്ധവ് താക്കറെയെ പാർട്ടിയുടെ എക്സിക്യുട്ടീവ് പ്രസിഡന്റായി ബാൽതാക്കറെ നിയമിച്ചിരുന്നത്.രാജ് താക്കറെയെ സംബന്ധിച്ച് അതാകട്ടെ തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു. 2009-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ശിവസേന പരാജയപ്പെട്ടെങ്കിലും പാർലമെന്ററി രാഷ്ട്രീയത്തിലെ ഈ തിരിച്ചടികളൊന്നും തന്നെ ശിവസേനയുടെ ‘ശൗര്യത്തെ’ ബാധിച്ചിരുന്നില്ല. ബാൽ താക്കറെയെ വിമർശിച്ചെന്നാരോപിച്ച് വിവിധ മറാഠി , ഹിന്ദി വാർത്താ ചാനലുകളുടെ ഓഫീസുകൾ ശിവസേന പ്രവർത്തകർ അടിച്ചുതകർത്തതും അവരുടെ അക്രമ ശൈലിയുടെ മറ്റൊരു ഉദാഹരണമാണ്.

ബാബറി മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ കലാപത്തിൽ, ബോംബേ നഗരത്തിൽ കലാപത്തിന്റെ ചുക്കാൻ പിടിച്ചത് ശിവസേനയാണെന്ന് കലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷൻ റിപ്പോർട്ടിലും വ്യകതമാക്കിയിട്ടുള്ളതാണ്. ‘ആ’ ശിവസേനയുമായിട്ടാണ് കോൺഗ്രസ്സ് ഇപ്പോൾ മഹാരാഷ്ട്രയിൽ സഖ്യമുണ്ടാക്കി ഭരണത്തിൽ പങ്കാളിയായിരിക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടി ചെറുതെങ്കിലും ചങ്കുറപ്പുള്ള നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയിൽ ഒറ്റ എം.എൽ.എയേ ഒള്ളൂവെങ്കിലും ശിവസേന നേതൃത്വം നൽകുന്ന മഹാരാഷ്ട്ര സർക്കാറിനെ പിന്തുണയ്ക്കാൻ ഇതുവരെ സി.പി.എം തയ്യാറായിട്ടില്ല. ശിവസേനയും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ് എന്നതാണ് സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട്.ആശയപരമായ ഭിന്നതയിലല്ല കേവലം അധികാരത്തെ ചൊല്ലിയുള്ള തർക്കമാണ് ബി.ജെ.പി – ശിവസേന സഖ്യം തകരാൻ കാരണമായത് എന്നതാണ് സി.പി.എം വിലയിരുത്തൽ. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള തർക്കമായിരുന്നു അതെന്നതും ഒരു യാഥാർത്ഥ്യമാണ്. ഇപ്പോൾ വീണ്ടും ഭരണ പ്രതിസന്ധി ഉണ്ടായിരിക്കുന്നതും ആ കസേരയ്ക്കു വേണ്ടി തന്നെയാണ്. എന്തു വിലകൊടുത്തും ബി.ജെ.പിക്ക് മഹാരാഷ്ട്ര ഭരണം വേണം. അതിനായാണ് അവർ ചരടുവലിച്ച് ശിവസേനയെ പിളർത്തിയിരിക്കുന്നത്. സമാന സാഹചര്യം കോൺഗ്രസ്സിലും എൻ.സി.പിയിലും ഉണ്ടാകുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്. പണത്തിനും പദവിക്കും മേലെ ‘പറക്കാത്ത’ നേതാക്കളുടെ കാര്യത്തിൽ സംശയവും സ്വാഭാവികമാണ്. വിശ്വാസ വോട്ടെടുപ്പിൽ മാത്രമേ ഇതിനുള്ള ഉത്തരവും ലഭിക്കുകയൊള്ളു. ഉദ്ധവ് സർക്കാറിനെ സംബന്ധിച്ച്, മുന്നിലുള്ളത് വലിയ അഗ്നിപരീക്ഷണമാണ്. ഇത്തവണ വീണാൽ പിന്നീട് തിരിച്ചു കയറുക എന്നത് വലിയ വെല്ലുവിളി തന്നെയാകും. അക്കാര്യവും വ്യക്തമാണ്.

EXPRESS KERALA VIEW

Top