അവസരവാദികള്‍ തമ്മിലുള്ള സൗഹാര്‍ദമാണ് ഉത്തര്‍പ്രദേശിലെ മഹാസഖ്യമെന്ന് പ്രധാനമന്ത്രി

ലക്‌നോ : ജാതിക്കാര്‍ഡ് കളിച്ച് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാന്‍ ആഗ്രഹിക്കുന്ന അവസരവാദികള്‍ തമ്മിലുള്ള സൗഹാര്‍ദമാണ് ഉത്തര്‍പ്രദേശിലെ മഹാസഖ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദളിത് പ്രത്യയശാസ്ത്രത്തെയും സാമൂഹികപരിഷ്‌കര്‍ത്താവ് ബി.ആര്‍. അംബേദ്ക്കറേയും എതിര്‍ക്കുന്നവരുമായി സഖ്യം ചേര്‍ന്നതിലൂടെ ബിഎസ്പി നേതാവ് മായാവതി ദളിത് ആശയസംഹിതയെ ഒറ്റിക്കൊടുത്തെന്നും അദ്ദേഹം ആരോപിച്ചു. ഹര്‍ദോയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംബേദ്ക്കറുടെ പേരില്‍ വോട്ട് തേടുന്നവര്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്നും ഒന്നും പഠിക്കുന്നില്ല. അംബേദ്ക്കറെ എതിര്‍ത്തവര്‍ക്കു വേണ്ടിയാണ് മായവതി വോട്ട് തേടുന്നത്. കസേര മാത്രം ലക്ഷ്യം വയ്ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നിങ്ങളുടെ രാഷ്ട്രീയം ജാതിയെ അടിസ്ഥാനമാക്കിയുള്ളതാകുമ്പോള്‍, നിങ്ങള്‍ രാജ്യത്തെ പരിഗണിക്കാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അവസരവാദികളുടെ സഖ്യത്തിനു നിസഹായ സര്‍ക്കാരാണ് ആവശ്യം. കാരണം അത് ഉരുവിടുന്ന മന്ത്രം ജാതി, ജനങ്ങളുടെ പണം എന്നതാണെന്നും മോദി ആരോപിച്ചു.

സമാജ്വാദി പാര്‍ട്ടി-ബിഎസ്പി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഭീകരവാദത്തെ അടിച്ചമര്‍ത്താനും ക്രമസമാധാന നില കൈകാര്യം ചെയ്യാനും ഇവര്‍ക്ക് സാധിക്കില്ലന്നും മോദി വ്യക്തമാക്കി.

Top