അമേരിക്കയെ ‘നിഷ്പ്രഭമാക്കി’ റഷ്യ, യുക്രെയിനിലൂടെ അവർ ‘അതും’ നേടി !

ന്യൂഡല്‍ഹി: ലോകത്തെ നമ്പര്‍ വണ്‍ സൈനിക ശക്തിയെന്ന് അഹങ്കരിക്കുന്ന അമേരിക്കയുടെ മുഖത്തേറ്റ പ്രഹരമാണ് റഷ്യയുടെ യുക്രെയിന്‍ അധിനിവേശം. യുക്രെയിനെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭീഷണികള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങിയിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ യുക്രെയ്‌നിലെ വ്യോമത്താവളങ്ങളും പ്രതിരോധ സംവിധാനങ്ങളും തകര്‍ത്താണ് റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങിയിരുന്നത്. റഷ്യന്‍ ആക്രമണത്തിനെതിരെ ബാഹ്യശക്തികള്‍ ഇടപെട്ടാല്‍, പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയ പുട്ടിന്‍ അമേരിക്കയെ ആണ് വിറപ്പിച്ചിരിക്കുന്നത്. നാറ്റോ സൈന്യവുമായി അമേരിക്ക കളത്തില്‍ ഇറങ്ങിയാല്‍ അമേരിക്കയെയും ലക്ഷ്യം വയ്ക്കുമെന്ന വ്യക്തമായ മുന്നറിയിപ്പാണിത്. ലോകത്തെ അമേരിക്കന്‍ വിരുദ്ധ ചേരിക്ക് ആവേശം പകരാന്‍ പുടിന്റെ ഈ പ്രതികരണത്തിന്‌ കഴിഞ്ഞിട്ടുണ്ട്.

യുക്രെനിൽ സൈനികമായി ഇടപെടാനില്ലന്ന് നാറ്റോ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വന്തം നിലയ്ക്ക് ഏതെങ്കിലും സഖ്യരാജ്യത്തിന് വേണമെങ്കിൽ സഹായിക്കാം എന്നതാണ് നിലപാട്. ഈ തീരുമാനത്തിലൂടെ അമേരിക്ക യഥാർത്ഥത്തിൽ യുക്രെയിൻ ഭരണകൂടത്തെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ ലോകരാജ്യങ്ങളുടെ ഇടയിലാണ് അമേരിക്ക നാണം കെട്ടിരിക്കുന്നത്. യുക്രെയിനിൽ കയറി റഷ്യൻ സേനയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍, വലിയ പ്രത്യാഘാതം അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും നേരിടേണ്ടിവരുമെന്ന ഭയത്തിലാണ് നാറ്റോയുടെ പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ. ജർമ്മനിയുടെ നിലപാടും അമേരിക്കക്ക് തിരിച്ചടിയാണ്. സഖ്യകക്ഷികൾക്കു പോലും വിശ്വസിക്കുവാന്‍ പറ്റാത്ത രാജ്യമായി അമേരിക്ക ഇതോടെ മാറി കഴിഞ്ഞു. ഇപ്പോള്‍ തന്നെ, ‘റോം കത്തി എരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയോടാണ് ‘ അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ വിശേഷിക്കപ്പെടുന്നത്. റഷ്യന്‍ സൈന്യം യുക്രെയിനെ ആക്രമിക്കുമ്പോള്‍ ഉറങ്ങാന്‍ പോകുകയാണ് ബൈഡന്‍ ചെയ്തിരുന്നത്.

ലോകം പ്രതീക്ഷിച്ച ചടുലമായ ഒരു നീക്കവും ബൈഡന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ചരിത്രത്തിലെ നാണം കെട്ട പ്രസിഡന്റ് എന്ന നിലയിലേക്ക് കൂടിയാണ് ബൈഡന്‍ ഇപ്പോള്‍ മാറിയിരിക്കുന്നത്. അമേരിക്കയുടെ ഒറ്റ ബലത്തിലാണ് റഷ്യക്കെതിരെ യുക്രെയിന്‍ ഭരണകൂടം മുന്നാട്ട് പോയിരുന്നത്. അതിനു അവര്‍ക്കിപ്പോള്‍ കൊടുക്കേണ്ടി വന്നിരിക്കുന്ന ‘വില’ അതി ഭീകരമാണ്. നൂറ് കണക്കിന് മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും, ആയിരക്കണക്കിനു പേര്‍ യുദ്ധം തുടങ്ങി മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ടതായാണ് അനൗദ്യോഗികമായി പുറത്തു വരുന്ന വിവരം.

പ്രസിഡന്റ് പുടിന്‍ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ, ചടുല നീക്കവുമായി കളം നിറഞ്ഞ റഷ്യന്‍ സൈന്യം. ആധുനിക യുദ്ധമുറയാണിപ്പോള്‍ പയറ്റുന്നത്. ബഹുമുഖ ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ യുക്രെയിന്‍ സൈന്യം പകച്ചു പോയി എന്നതാണ് യാഥാര്‍ത്ഥ്യം. യുക്രൈന്‍ സൈനികരുടെ ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. റഷ്യയുടെ കര, വ്യോമ, നാവിക സേനകളുടെ സംയുക്തമായ ആക്രമണത്തെ നാറ്റോ അംഗരാജ്യങ്ങളും ഭീതിയോടെയാണ് വീക്ഷിക്കുന്നത്.

റഷ്യയുടെ ബോംബ് വര്‍ഷവും മിസൈല്‍ ആക്രമണവും പല നഗരങ്ങളേയും തകര്‍ത്തു തരിപ്പണമാക്കിയിട്ടുണ്ട്. യുക്രൈന്‍ പ്രസിഡന്റ് രാജ്യം വിടുന്നതിനു മുന്‍പ് പിടികൂടാന്‍ , സ്‌പെഷ്യല്‍ ഫോഴ്‌സിനെയും റഷ്യ രംഗത്തിറക്കിയിട്ടുണ്ട്. യുക്രെയിനില്‍ റഷ്യന്‍ ആധിപത്യം പൂര്‍ണ്ണമാക്കുന്നതോടെ, ലോക ശാക്തിക ചേരിയിലും പ്രകടമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുക. അമേരിക്കന്‍ ചേരിയിലെ പല രാജ്യങ്ങളും റഷ്യന്‍ ചേരിയില്‍ എത്താന്‍ സാധ്യത വളരെ കൂടുതലാണ്.

അതേസമയം, ഇന്ത്യയെ റഷ്യക്കെതിരെ രംഗത്തിറക്കാനുള്ള അമേരിക്കയുടെ അവസാനത്തെ ശ്രമവും ഇപ്പോള്‍ പാളിയിട്ടുണ്ട്. നിഷ്പക്ഷ നിലപാട് തുടര്‍ന്നും തുടരുമെന്നാണ് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നത്.ഈ നിലപാടിനെ റഷ്യയും സ്വാഗതം ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി റഷ്യയില്‍ എത്തിയത്, ഒരു കാരണവശാലും ഇന്ത്യക്കെതിരായ നിലപാടാകില്ലെന്നും, ”മോസ്‌കോ കാണാന്‍ വന്നവര്‍ കണ്ടിട്ടു പോകുമെന്നുമാണ് ”റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. എസ് 400 ട്രയംഫ് ഉള്‍പ്പെടെ ഇന്ത്യക്ക് കൈമാറുന്നതില്‍, ഉപരോധം തടസ്സമാകില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. അതായത് അമേരിക്കയുടെ ഉപരോധ ഭീഷണിയെ പോലും റഷ്യ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണിപ്പോള്‍.

സ്വന്തം രാജ്യത്തിന്റെ സുരക്ഷക്കാണ് ഏത് ഭരണകൂടവും പ്രാധാന്യം കൊടുക്കേണ്ടത്. അതു തന്നെയാണ് റഷ്യന്‍ ഭരണകൂടവും ഇeപ്പാള്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു അന്താരാഷ്ട്ര നിയമവും ബാധകമല്ല. മറ്റു രാജ്യങ്ങളില്‍ കടന്നു കയറി ഭീതിവിതയ്ക്കുന്ന അമേരിക്കയ്ക്ക് റഷ്യ അധിനിവേശം നടത്തുന്നു എന്നു വിമര്‍ശിക്കാന്‍ ഒരു അവകാശവുമില്ല.  സ്വന്തം ജനതയെ സംരക്ഷിക്കാനുള്ള സുരക്ഷാകവചമാണ് റഷ്യ ഇപ്പോള്‍ ഒരുക്കുവാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് യുക്രെയിനിലേക്കുള്ള ഈ കടന്നുകയറ്റം. ഇന്ത്യ 1971-ല്‍, കിഴക്കന്‍ പാക്കിസ്ഥാനില്‍ നേരിട്ട അതേ അവസ്ഥയാണ് റഷ്യ യുക്രെയിനില്‍ ഇപ്പോള്‍ നേരിടുന്നത്.

പടിഞ്ഞാറന്‍ പാകിസ്ഥാനില്‍നിന്ന് ഭൂമിശാസ്ത്രപരവും സാംസ്‌കാരികമായും വേറിട്ടുനിന്ന കിഴക്കന്‍ പാകിസ്ഥാന് വിമോചനം നേടികൊടുത്തത് ഇന്ത്യന്‍ സൈന്യമാണ്. തുടര്‍ന്നാണ് ബംഗ്ലാദേശ് എന്ന സ്വതന്ത്രപരമാധികാര രാജ്യം നിലവില്‍ വന്നിരുന്നത്. കേവലം 13 ദിവസംകൊണ്ടാണ് ഇന്ത്യന്‍ സൈന്യം ഈ യുദ്ധം ജയിച്ചിരുന്നത്. ഇന്ത്യന്‍ നാവികസേനയെ തടയാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍ എത്തിയെങ്കിലും ഇന്ത്യക്കായി പ്രതിരോധകോട്ട ഉയര്‍ത്തിയ സോവിയറ്റ് യൂണിയന്റെ യുദ്ധക്കപ്പലുകള്‍ കണ്ടതോടെ അമേരിക്കന്‍ സേന പേടിച്ച് പിന്‍മാറുകയാണ് ഉണ്ടായത്. റഷ്യയുടെ ഈ സഹായം ഒരു കാലത്തും… ഇന്ത്യയെ സംബന്ധിച്ച് വിസ്മരിക്കാന്‍ കഴിയുന്നതല്ല.

ഇന്നും ഇന്ത്യക്ക് വിശ്വസിക്കാന്‍ പറ്റാവുന്ന ശക്തമായ പങ്കാളിയാണ് റഷ്യ. സോവിയറ്റ് യൂണിയന്‍ എന്ന നിലയില്‍ തകര്‍ന്നിട്ടും ആ രാജ്യം ഒരിക്കല്‍ പോലും ഇന്ത്യയെ കൈവിട്ടിട്ടില്ല. എന്നാല്‍, അമേരിക്ക അങ്ങനെയല്ല പാക്കിസ്ഥാന്റെ ഒപ്പംകൂടി ദ്രോഹിച്ച ഒരു കാലം ആ രാജ്യത്തിനുണ്ട്. ചൈനയെ തുരത്താന്‍ ഒരു ‘കൈ’ സഹായം പ്രതീക്ഷിച്ചു മാത്രമാണ് അമേരിക്ക നിലവില്‍ ഇന്ത്യക്കൊപ്പം കൂടിയിരിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചയും അമേരിക്കയുടെ മനംമാറ്റത്തിനു മറ്റൊരു കാരണമാണ്.

അതേസമയം ചൈനയുമായി സഹകരണം തുടരുമ്പോഴും ഇന്ത്യയെ വിട്ടൊരു കളിക്കും റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. ചൈനയെ ഇന്ത്യക്കെതിരായ നീക്കത്തില്‍ നിന്നും പിറകോട്ടടിപ്പിക്കുന്നതില്‍ റഷ്യന്‍ നിലപാടിന് വലിയ പങ്കാണുള്ളത്. ഇതെല്ലാം അറിയുന്നതു കൊണ്ടു തന്നെയാണ് യുക്രെയിന്‍ വിഷയത്തില്‍ റഷ്യക്കെതിരായ നിലപാട് ഇന്ത്യയും സ്വീകരിക്കാതിരിക്കുന്നത്. 2014-ല്‍ യുക്രയിനില്‍ അമേരിക്കന്‍ അനുകൂലികള്‍ അധികാരത്തില്‍ വന്നതോടെയാണ്, സ്ഥിതി വഷളായി തുടങ്ങിയത്.

ഹിറ്റ്ലറുടെ കാലത്ത് സോവിയറ്റ് യൂണിയനെ ആക്രമിക്കാന്‍ യുക്രെയിന്‍ വഴി കടന്നു വന്ന സൈന്യവുമായി യോജിച്ചവരുടെ പിന്‍മുറക്കാരാണിവര്‍… സ്റ്റാലിന്‍ അക്കാലത്ത് ശക്തമായി നല്‍കിയ മറുപടി തന്നെയാണ്, പുതിയ കാലത്ത് റഷ്യയും ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. യുക്രയിന്‍ എന്ന രാജ്യത്തിന്റെ പരമാധികാരത്തിലേക്കല്ല ആ രാജ്യത്തെ മറയാക്കി പാശ്ചാത്യശക്തികള്‍, പ്രത്യേകിച്ച് അമേരിക്ക ഉള്‍പ്പെടെ നടത്തുന്ന നീക്കങ്ങളെയാണ് റഷ്യ പ്രതിരോധിക്കുന്നത്.

യുക്രെയിന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയില്‍ അംഗമായാല്‍ അമേരിക്കക്ക് വളരെ എളുപ്പത്തില്‍ റഷ്യയെ ആക്രമിക്കാന്‍ സാധിക്കും. അതായത് ഒരു മിസൈല്‍ യുക്രെയിനില്‍ നിന്നും പറന്നുയര്‍ന്നാല്‍ വെറും അഞ്ചു മിനുട്ട് മാത്രം മതിയാകും അതിനു മോസ്‌കോയെ ചാമ്പലാക്കാന്‍. ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. സൂപ്പര്‍ പവറായ അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള ബാലന്‍സാണ് അതോടെ തകിടം മറിയുക. സോവിയറ്റ് യൂണിയന്‍ തകരുന്ന സമയത്ത് ഗോര്‍ബച്ചേവിനു നല്‍കിയ വാഗ്ദാനം കൂടിയാണ് അമേരിക്ക ഇവിടെ ലംഘിച്ചിരിക്കുന്നത്.

ജര്‍മ്മനി ഏകീകരിക്കുന്നതിനുള്ള സമ്മതം സോവിയറ്റ് യൂണിയന്‍ കൊടുക്കുകയാണെങ്കില്‍ അതിനു പകരമായി റഷ്യയുടെ സുരക്ഷയെ മാനിച്ച് നാറ്റോ ഒരിഞ്ചുപോലും കിഴക്കോട്ട് പോകില്ലെന്നാണ് അന്ന്… അമേരിക്ക ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ 1997-ല്‍ ഈ വാക്ക് ലംഘിച്ച് നാറ്റോ കടന്നു കയറുകയാണ് ഉണ്ടായത്. സാമ്രാജ്യത്വ കഴുകന്‍, അതിന്റെ തനിരുപം പ്രകടിപ്പിക്കുമ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രം റഷ്യ ഭീരുക്കളല്ല. ഹിറ്റ്ലറെ വധിച്ച ചെമ്പടയുടെ പിന്‍മുറക്കാര്‍ തന്നെയാണവര്‍. അതുകൊണ്ടു തന്നെ തിരിച്ചടിയും സ്വാഭാവികം തന്നെയാണ്. അതാണിപ്പോള്‍ യുക്രെയിനില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ചരിത്രം പരിശോധിക്കുകയാണെങ്കില്‍ യുക്രെയിനും കിഴക്കന്‍ യൂറോപ്പും എല്ലാം… റഷ്യയിലേക്കുള്ള പ്രധാന റൂട്ടുകളാണ്. സൈനിക ടാങ്കുകള്‍ക്ക് ഇതിലുടെ കടന്നുവരാന്‍ എളുപ്പത്തില്‍ സാധിക്കും. മുന്‍പ് സ്വീഡനിലെ ചാള്‍സ് പന്ത്രണ്ടാമന്‍ മഹാരാജാവും നെപ്പോളിയനും, ജര്‍മ്മനിയിലെ നാസികളും ഉള്‍പ്പെടെ വന്ന റൂട്ടാണിത്. ഇവിടെ ഒരു സുരക്ഷാ കവചം വേണമെന്നത് റഷ്യ എല്ലാക്കാലത്തും ആഗ്രഹിക്കുന്നതാണ്. അതാകട്ടെ റഷ്യയുടെ സുരക്ഷക്ക് അനിവാര്യവുമാണ്.

അതാണിപ്പോള്‍ യുക്രെയിന്‍ അധിനിവേശത്തിലൂടെ റഷ്യ സാധ്യമാക്കാന്‍ പോകുന്നത്. ഇതോടൊപ്പം, ലോകത്തെ ഏറ്റവും കരുത്തുറ്റതും ആധുനികവുമായ സൈന്യമാണ് റഷ്യയുടേതെന്നതു കൂടിയാണ് വീണ്ടും തെളിയിക്കപ്പെടുന്നത്. ഒപ്പമുള്ളവരെ സംരക്ഷിക്കും എന്ന വിശ്വാസമാണ് അമേരിക്കയില്‍ ലോക രാജ്യങ്ങള്‍ക്ക് നഷ്ടമാകുന്നതെങ്കില്‍, റഷ്യക്കൊപ്പം നിന്നാല്‍ അവര്‍ ഏതറ്റംവരെയും പോയി സംരക്ഷിക്കും എന്ന ബോധ്യമാണ് റഷ്യയില്‍ ലോകത്തിനു ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം തന്നെ, കരുത്തുറ്റ ഭരണാധികാരിയാണ് താനെന്ന് തെളിയിക്കാനും, റഷ്യന്‍ പ്രസിഡന്റ് പുടിനു യുക്രെയിന്‍ നിലപാടിലൂടെ സാധിച്ചിട്ടുണ്ട്.

 

Top