‘സോണിയയ്ക്കും മക്കള്‍ക്കും സാധാരണ സുരക്ഷ’? എസ്പിജിയെ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കും, മക്കളായ രാഹുല്‍ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും നല്‍കിവന്നിരുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സഭയില്‍ എന്‍ഡിഎ സര്‍ക്കാരിനെ ലക്ഷ്യംവെച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍. പ്രധാനമന്ത്രിയ്ക്കും, കുടുംബത്തിനും സുരക്ഷ ഉറപ്പാക്കാനാണ് എസ്പിജി സേനയെ വിനിയോഗിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. ഗാന്ധി നെഹ്‌റു കുടുംബത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും, എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ പാടില്ലായിരുന്നുവെന്നുമാണ് ചൗധരി സഭയില്‍ അവകാശപ്പെട്ടത്.

‘സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും സാധാരണ സുരക്ഷ നല്‍കേണ്ടവരല്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ജിയാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ അനുവദിച്ചത്. 1991 മുതല്‍ 2019 വരെ എന്‍ഡിഎ രണ്ട് തവണ അധികാരത്തില്‍ വന്നപ്പോഴും ഈ സുരക്ഷ മാറ്റിയില്ല’, ചൗധരി സഭയില്‍ പറഞ്ഞു.

എന്നാല്‍ നോട്ടീസ് നല്‍കാത്തതിനാല്‍ ചൗധരിക്ക് ഇത് ശൂന്യവേളയില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അര്‍ജുന്‍ റാം മെഹ്വാള്‍ വ്യക്തമാക്കി. തിങ്കളാഴ്ചയും ചൗധരി വിഷയം ഉയര്‍ത്താന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യങ്ങളും മുഴക്കി. ‘പ്രതികാര രാഷ്ട്രീയം അവസാനിപ്പിക്കുക’, സ്വേച്ഛാധിപത്യം നിര്‍ത്തുക, ഞങ്ങള്‍ക്ക് നീതി വേണം, തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉയര്‍ത്തിയത്.

സോണിയാ ഗാന്ധിക്കും മക്കള്‍ക്കും സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്. സുരക്ഷാ റിവ്യൂ നടത്തിയാണ് എസ്പിജിയെ പിന്‍വലിച്ചത്. പ്രധാനമന്ത്രിമാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ആരംഭിച്ച എസ്പിജി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബത്തിനും സുരക്ഷ നല്‍കിവന്നത്.

Top