ഇവരാണ് യഥാർത്ഥ ജനനായകർ, ഇങ്ങനെ ആവണം ജനപ്രതിനിധികൾ . . ബിഗ് സല്യൂട്ട് . .

Anwar Sadat, Saji Cherian, Veena George, VD Satheeshan

കൊച്ചി : ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചെങ്ങന്നൂരും ആലുവയും ആറന്‍മുളയും പറവൂരും നമുക്ക് കാണിച്ച് തന്നിരിക്കുന്നത്.

സ്ഥലം എം.പിമാരില്‍ പലരും പ്രതിസന്ധിയില്‍ ‘മുങ്ങിയ’പ്പോഴാണ് തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കു വേണ്ടി ജീവന്‍ പണയം വച്ച് എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, സജി ചെറിയാന്‍, വീണാ ജോര്‍ജ്ജ്, വി.ഡി സതീശന്‍ എന്നിവര്‍ രംഗത്തിറങ്ങിയത്.

മത്സ്യബന്ധന ബോട്ടുകള്‍ എത്തിക്കുന്നതിനും പ്രളയത്തില്‍പ്പെട്ടവര്‍ക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കുന്നതിനും ഇവര്‍ നാലു പേരും അധികൃതരോട് കലഹിച്ചും പൊട്ടിക്കരഞ്ഞും കാലു പിടിച്ചുമാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.

flood

പമ്പയുടെ കോപത്തില്‍ പ്രദേശം മുഴുവന്‍ മുങ്ങിയപ്പോള്‍ കനത്ത മഴയത്തും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത് ഊണും ഉറക്കവുമില്ലാതെ അവിടെ തന്നെ ഉറച്ചു നിന്നാണ് ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജ് പ്രവര്‍ത്തിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ വീഴ്ച തുറന്നു പറഞ്ഞ് പ്രതികരിക്കാനും അവര്‍ മടിച്ചില്ല. പത്തനംതിട്ട ജില്ലയില്‍ കുടുങ്ങിപ്പോയവരുടെ കണക്കെടുക്കാന്‍ പോലും അധികൃതര്‍ക്കായില്ലന്നും അവര്‍ പരസ്യമായി പ്രതികരിച്ചു.

ഉടന്‍ സഹായം നല്‍കിയില്ലെങ്കില്‍ 10,000 പേരെങ്കിലും മരിച്ചിരിക്കുമെന്ന ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്റെ വാക്കുകളാണ് അടുത്ത ദിവസം ഓപ്പറേഷന്‍ ചെങ്ങന്നൂര്‍ നടത്തി കൂടുതല്‍ പേരെ രക്ഷിക്കാന്‍ വഴി ഒരുക്കിയത്.

ജില്ലാ ഭരണകൂടം പരാജയപ്പെട്ട പറവൂരില്‍ സ്ഥലം എം.എല്‍.എ വി.ഡി.സതീശന്റെ ശക്തമായ ഇടപെടലാണ് ആയിരങ്ങള്‍ക്ക് തുണയായത്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സതീശന്‍ റോഡില്‍ കയറി നിന്ന് ചീറി പാഞ്ഞ് വന്ന ലോറി തടഞ്ഞാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തിയത്.

പലവട്ടം വിളിച്ചിട്ടും ആരോഗ്യമന്ത്രി ഫോണെടുത്തില്ലെന്ന് വി.ഡി സതീശന്‍ പൊട്ടിത്തെറിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരാഴ്ചയായി ഫോണെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. രാവും പകലും ഒരുപോലെ പണിയെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം എംഎല്‍എയുമുണ്ടായിരുന്നു.

flood

കെട്ടിടം ഇടിഞ്ഞ് വീണ് പരിക്കേറ്റവരെ കൊണ്ടുപോകാന്‍ ഒരു വാഹനവും അവിടെ ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നാണ് ജീവന്‍ പണയം വച്ച് സതീശന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. കൃത്യമായി ക്യാമ്പുകള്‍ വിലയിരുത്താനും അവിടേയ്ക്ക് ആവശ്യമായ മരുന്നുകളടക്കമുള്ള കാര്യങ്ങള്‍ എത്തിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ആലുവയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ വെള്ളം കയറി തുടങ്ങുന്നതിനു മുന്‍പ് തന്നെ രക്ഷാദൗത്യത്തില്‍ പങ്കാളി ആയിരുന്നു. പലപ്പോഴും സഹായത്തിനു വേണ്ടി പൊട്ടിക്കരയുന്ന സാഹചര്യവും ഉണ്ടായി.

ഏറ്റവുമധികം ദുരന്തം ബാധിച്ച മേഖല കൂടിയാണ് ആലുവയും ചെങ്ങന്നൂരും. സമയോചിതയായ ഇടപെടലും നേതൃത്വവും ഉണ്ടായിരുന്നില്ലെങ്കില്‍ ദുരന്തം ഇനിയും പതിന്മടങ്ങ് വര്‍ദ്ധിച്ചേനെ. 18 വില്ലേജുകളാണ് ആലുവ താലൂക്കിലുള്ളത്. ഇവിടെയെല്ലാം ഓടിയെത്താനും വിശ്രമമില്ലാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിന്റെ മുഴുവന്‍ ദുരന്തത്തിന്റെ പരിശ്ചേതമാണ് ആലുവ .

പ്രളയം കേരളത്തെ വിഴുങ്ങുമ്പോള്‍ ഒരു വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്വന്തം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി അവരുടെ കര്‍ത്തവ്യം മറക്കുമ്പോഴാണ് ഈ ജനപ്രതിനിധികള്‍ മഹാ ദുരന്തത്തിലും ജനങ്ങളുടെ രക്ഷകരായത്.

റിപ്പോര്‍ട്ട് : സൗമ്യ രഞ്ജിത്ത്

Top