ടോക്കിയോ ഒളിംപിക്സിൽ കേരളത്തിൽ നിന്നും മാറ്റുരയ്ക്കുന്ന മിടുക്കർ ഇവരാണ്

ളിംപിക്‌സ് അടക്കമുള്ള രാജ്യാന്തര കായിക മാമാങ്കങ്ങളിലേയ്ക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. കോവിഡ് കാരണം ഒരു വര്‍ഷം നീണ്ട 2020 ഒളിംപിക്‌സിനായി ഈ വരുന്ന ജൂലൈ 23-ന് ജപ്പാനിലെ ടോക്കിയോയില്‍ അരങ്ങുണരുകയാണ്. ഇത്തവണത്തെ ഒളിംപിക്‌സില്‍ കേരളത്തില്‍ നിന്നും മാറ്റുരയ്ക്കുന്ന എട്ട് പേരെ പരിചയപ്പെടാം.

ഇന്ത്യയുടെ ഒളിംപിക്‌സ് ഫൈനല്‍ സ്‌ക്വാഡില്‍ മൂന്ന് വ്യത്യസ്ത കായിക മത്സരങ്ങള്‍ക്കായാണ് കേരളത്തിലെ 8 പേര്‍ ഇടംപിടിച്ചിരിക്കുന്നത്.

അത്‌ലറ്റിക്‌സ്

കെ.ടി ഇര്‍ഫാന്‍

ടോക്കിയോ ഒളിംപിക്‌സിലെ 20 കി.മീ റേസ് വാക്കിങ്ങിലെ ഇന്ത്യന്‍ പുരുഷ ടീമിലാണ് 31-കാരനായ കെ.ടി ഇര്‍ഫാന്‍ പങ്കെടുക്കുക. മുമ്പ് 2012, 2016 ഒളിംപിക്‌സുകളില്‍ ഇതേ വിഭാഗത്തില്‍ മത്സരിച്ച ഇര്‍ഫാന്‍ 2012-ല്‍ പത്താമതായി ഫിനിഷ് ചെയ്തിരുന്നു. എന്നാല്‍ 2016-ലെ റിയോ ഒളിംപിക്‌സില്‍ പിന്‍തുടയില്‍ പരിക്കേറ്റ് പിന്മാറേണ്ടി വന്നു.

2012 ലണ്ടന്‍ ഒളിംപിക്‌സില്‍ തന്റെ മികച്ച വ്യക്തിഗത നേട്ടമായ 1 മണിക്കൂര്‍, 20 മിനിറ്റ്, 21 സെക്കന്റ് സമയത്തിലാണ് ഇര്‍ഫാന്‍ 20 കി. മീ റേസ് വാക്കിങ് പൂര്‍ത്തിയാക്കിയത്.

2013-ല്‍ നടന്ന ഐഎഎഎഫ് വേള്‍ഡ് റേസ് വാക്കിങ് ചലഞ്ചില്‍ അഞ്ചാമനായി ഫിനിഷ് ചെയ്തതും, 2017-ലെ ഏഷ്യന്‍ റേസ് വാക്കിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതുമാണ് 31-കാരനായ ഇര്‍ഫാന്റെ മറ്റ് സുപ്രധാന നേട്ടങ്ങള്‍.

മുരളി ശ്രീശങ്കര്‍

ടോക്കിയോയില്‍ ഇന്ത്യയ്ക്കായി ലോങ് ജംപില്‍ മത്സരിക്കുന്നത് മലയാളിയായ 22-കാരന്‍ മുരളി ശ്രീശങ്കറാണ്. ഒളിംപിക്‌സ് യോഗ്യതയ്ക്കായി പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ എത്തിപ്പിടിക്കേണ്ടിയിരുന്നത് 8.22 മീറ്റര്‍ ആയിരുന്നെങ്കില്‍, 8.26 മീറ്റര്‍ ചാടിക്കൊണ്ടാണ് മുരളി ടോക്കിയോയ്ക്ക് ടിക്കറ്റെടുത്തത്. മുരളിയുടെ 8.26 മീറ്റര്‍ നീളത്തിലുള്ള ചാട്ടം ഈ വിഭാഗത്തിലെ ദേശീയ റെക്കോര്‍ഡും, അന്താരാഷ്ട്ര തലത്തില്‍ 11-ാമത്തെ മികച്ച ചാട്ടവുമാണ്.

ജാബിര്‍ മാടാരി പിള്ള്യാലില്‍

400 മീറ്റര്‍ പുരുഷ ഹര്‍ഡില്‍സ് ടീമിലാണ് ടോക്കിയോയില്‍ ജാബിര്‍ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങുക. 48.90 എന്ന ഒളിംപിക്‌സ് യോഗ്യതാ മാര്‍ക്ക് കടക്കാനായില്ലെങ്കിലും, ലോകറാങ്കിങ്ങില്‍ 14 പേര്‍ക്കുള്ള ക്വോട്ടയില്‍ ഒരാളായി ഇടംപിടിച്ചാണ് ജാബിര്‍ ഒളിംപിക്‌സ് പ്രവേശനം സാധ്യമാക്കിയത്. മുമ്പ് 2017, 2019 വര്‍ഷങ്ങളിലെ ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടി മികവറിയിച്ച താരമാണ് ജാബിര്‍.

മുഹമ്മദ് അനസ് യഹിയ

ടോക്കിയോയില്‍ 4X400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കും കേരളത്തില്‍ നിന്നുള്ള ഈ 26-കാരന്‍. നേരത്തെ വെറും 45.21 സെക്കന്റില്‍ 400 മീറ്റര്‍ ഓടിത്തീര്‍ത്ത് ദേശീയ റെക്കോര്‍ഡിട്ടിട്ടുള്ള അനസ്, 2016 റിയോ ഒളിംപിക്‌സില്‍ വ്യക്തിഗത 400 മീറ്റര്‍, 4X400 പുരുഷ റിലേ എന്നീ വിഭാഗങ്ങളില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ വ്യക്തിഗത മത്സരരംഗത്തില്ല.

മിക്‌സഡ് റിലേ ടീമില്‍ വിസ്മയ, ജിഷ്ണ മാത്യു, നോവ നിര്‍മല്‍ ടോം എന്നിവര്‍ക്കൊപ്പമാണ് അനസ് ടോക്കിയോയില്‍ ഇന്ത്യയുടെ പ്രതീക്ഷയാകുക. അതോടൊപ്പം 4X400 പുരുഷ റിലേ ടീമില്‍ അനസ് മത്സരിക്കുമോ എന്ന ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തുവരും.

നോവ നിര്‍മല്‍ ടോം

മുഹമ്മദ് അനസിനൊപ്പം ടോക്കിയോയില്‍ 4X400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ടീം അംഗമാണ് മലയാളിയായ നോവ നിര്‍മല്‍ ടോം. 2019-ല്‍ നടന്ന ചെക്ക് ക്ലബ്ബ് ചാംപ്യന്‍ഷിപ്പിലെ 45.75 സെക്കന്റ് ആണ് ഈ 26-കാരന്റെ മികച്ച വ്യക്തഗത സമയം. ടീമിലെ അവസാന പൊസിഷനില്‍ ഓടുന്ന നോവയുടെ മിന്നല്‍ വേഗത്തിന്റെ മികവിലാണ് ഇന്ത്യ വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തിയതും, ഒപ്പം ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടുന്നതും. ഈ ഒളിംപിക്‌സിലെ 4X400 റിലേ പുരുഷ ടീമിലും നോവ ഇടംപിടിക്കാന്‍ സാധ്യത ഏറെയാണ്.

അലക്‌സ് ആന്റണി

ടോക്കിയോ ഒളിംപിക്‌സില്‍ 4X400 മീറ്റര്‍ മിക്‌സഡ് റിലേയിലെ മറ്റൊരു മലയാളി സാന്നിദ്ധ്യമാകും അലക്‌സ് ആന്റണി. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ നാഷണല്‍ ട്രയല്‍സില്‍ 47.83 സെക്കന്റിനുള്ളില്‍ റിലേ പൂര്‍ത്തിയാക്കിയതോടെയാണ് അലക്‌സിനെ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

 

ഹോക്കി

പി.ആര്‍ ശ്രീജേഷ്

ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മലയാളി പി.ആര്‍ ശ്രീജേഷാണ് ഇത്തവണ ഇന്ത്യന്‍ ഹോക്കി സ്‌ക്വാഡിലെ ഏറ്റവും പരിചയസമ്പന്നനായ താരം. 2006-ല്‍ കൊളംബിയയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസ് മുതല്‍ ദേശീയ ജഴ്‌സിയില്‍ കളിയാരംഭിച്ച ശ്രീജേഷ് ഇന്ത്യന്‍ ഗോള്‍ വല കാക്കുന്നതില്‍ വിശ്വസ്തനാണ്. 2012, 2016 ഒളിപിക്‌സുകളില്‍ ടീം ക്യാപ്റ്റനായ അദ്ദേഹം രണ്ട് തവണയും ഇന്ത്യയെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിച്ചിരുന്നു. ടീമില്‍ ഇത്തവണ സ്ഥാനം പിടിച്ച ഏക ഗോള്‍കീപ്പറും ശ്രീജേഷാണ്.

നീന്തല്‍

സാജന്‍ പ്രകാശ്

പൊതുവെ നീന്തലില്‍ വലിയ പേരുകാരൊന്നും ഇന്ത്യയ്ക്കില്ല. എന്നാല്‍ ഇറ്റലിയില്‍ നടന്ന 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗം നീന്തല്‍ മത്സരത്തില്‍ 1:56.38 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഒളിംപ്കിസ് ‘എ കട്ട്’ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായതിനൊപ്പം തന്നെ, ടോക്കിയോ ഒളിംപികിസ്‌നും സാജന്‍ യോഗ്യത നേടി. നീന്തല്‍ വിഭാഗത്തിലെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക 26-കാരനായ സാജനായിരിക്കും.

ഒളിംപിക്‌സ് യോഗ്യതയ്ക്കുള്ള ‘എ കട്ട്’ സമയം 1:56.48 ആയിരുന്നു. സാജന്റെ 1:56.38 എന്ന സമയം ദേശീയ റെക്കോര്‍ഡ് കൂടിയാണ്. 2016 റിയോ ഒളിപിക്‌സിലെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ 28-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സാജന്റെ രണ്ടാം ഒളിംപിക്‌സാണിത്.

 

Top