തെരഞ്ഞെടുപ്പിലെ തിരിച്ചടി, മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണിക്കൊരുങ്ങി തെരേസ മേ

ലണ്ടന്‍: ബ്രിട്ടനില്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണിക്കൊരുങ്ങി പ്രധാനമന്ത്രി തെരേസ മേ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് തെരേസ മേ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.

പുതിയ കാബിനറ്റ് രൂപീകരണവുമായി മേ മുന്നോട്ടു പോകുകയാണ്. ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി ഡാമിയന്‍ ഗ്രീനിനെ നിയമിച്ച് കഴിഞ്ഞു. അദ്ദേഹം ഫലത്തില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരിക്കും. പുതിയ ചീഫ് ഓഫ് സ്റ്റാഫായി മുന്‍ എംപി ഗാവിന്‍ ബാര്‍വെല്ലിനെ നിയമിച്ചു. ലിയാം ഫോക്‌സ് സെക്രട്ടറി ഓഫ് ട്രേഡ് ആയി തുടരും. ഡേവിഡ് ഗൗക്കിന് ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറിയായ സ്ഥാനക്കയറ്റം നല്‍കി. ഡേവിഡ് ലിഡിംഗ്ടണെ ജസ്റ്റിസ് സെക്രട്ടറിയായും എലിസബേത്ത് ട്രസിനെ ചീഫ് സെക്രട്ടറി ഓഫ് ട്രഷറിയായും നിയമിച്ചു. മുതിര്‍ന്ന അഞ്ചു സീനിയര്‍ മന്ത്രിമാര്‍ക്ക് മാറ്റമില്ലെന്ന് കഴിഞ്ഞദിവസം തന്നെ മേ വ്യക്തമാക്കിയിരുന്നു.

മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ 318 സീറ്റാണു കിട്ടിയത്. കഴിഞ്ഞതവണത്തേക്കാള്‍ 12 സീറ്റു കുറവ്. ഭൂരിപക്ഷത്തിന് 326സീറ്റു വേണം. പത്തു സീറ്റുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡിയുപിയുമായി കൂട്ടുകക്ഷിഭരണത്തിനു ചര്‍ച്ച നടത്തുന്നുണ്ടങ്കിലും ഇതുവരെ ധാരണയുണ്ടാക്കിയിട്ടില്ല. ലേബര്‍പാര്‍ട്ടി നില മെച്ചപ്പെടുത്തിയെങ്കിലും 262 സീറ്റേയുള്ളു.

Top