തെരേസ മേ മുന്നോട്ട് വെച്ച ബ്രെക്‌സിറ്റ് ഉടമ്പടി അംഗീകരിച്ച് യൂറോപ്യന്‍ യൂണിയന്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ട് വെച്ച ബ്രെക്‌സിറ്റ് ഉടമ്പടി യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു. ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തില്‍ 27 അംഗരാജ്യങ്ങളും ഉടമ്പടി അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

പതിനെട്ട് മാസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവിലാണ് ഉടമ്പടിക്ക് അന്തിമ രൂപം നല്‍കിയത്. സ്‌പെയിനും വഴങ്ങിയതോടെ അവസാന യോഗം ഒരു മണിക്കൂര്‍ താഴെ മാത്രമാണ് നീണ്ടു നിന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 29നാകും ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ വിടുന്നത്.

എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റ് കൂടിച്ചേര്‍ന്ന് ഉടമ്പടി അംഗീകരിച്ചാല്‍ മാത്രമായിരിക്കും ബ്രെക്‌സിറ്റ് നടപ്പാവുക. കരാര്‍ എതിര്‍ക്കുമെന്ന് തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍പ്പെട്ട ചില എംപിമാര്‍ വ്യക്തമാക്കിയിരുന്നു.

കരാര്‍ സമ്മതിച്ചതിന് ശേഷം ബ്രിട്ടനുമായുള്ള ബന്ധം എങ്ങനെയാണെന്ന കരട് രാഷ്ട്രീയ ഉടമ്പടി യൂറോപ്യന്‍ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങളുമായി പങ്ക് വച്ചതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ശനിയാഴ്ച പറഞ്ഞിരുന്നു.

ജിബ്രാള്‍ട്ടര്‍ സംബന്ധിച്ച് സ്‌പെയിന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കു മറുപടി നല്‍കുന്ന ബ്രിട്ടന്റെ ഉറപ്പടങ്ങുന്ന കത്ത് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിലെ ബ്രിട്ടന്റെ അംബാസഡര്‍ ടിം ബാരോയാണ് ഇന്നലെ യൂറോപ്യന്‍ യൂണിയനു നല്‍കിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന ബ്രിട്ടന്റെ തീരുമാനം നടപ്പില്‍ വരുത്തുന്നതു ചര്‍ച്ച ചെയ്യുന്ന ഇയു ഉച്ചകോടിയായിരുന്നു ഇന്നു നടന്നത്.

Top