‘ന്യൂ ജനറേഷന്‍ മേക്കേര്‍സിൽ പുതുതായി ഒന്നും ഇല്ല’; രാജീവ് രവിക്കും ആഷിക് അബുവിനും എതിരെ അടൂര്‍

തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി സമരത്തില്‍ പ്രതികരണവുമായി സ്ഥാപനത്തിന്റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ അഭിമുഖ പരിപാടിയില്‍ ആയിരുന്നു സംവിധായകന്റെ പ്രതികരണം. സ്ഥാപനത്തില്‍ ജാതി വിവേചനം എന്ന ആക്ഷേപം തള്ളിയാണ് അടൂര്‍ രംഗത്ത് വന്നിരിക്കുന്നത്.

ആഷിഖ് അബു, രാജീവ് രവി തുടങ്ങിയവരുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ അവര്‍ പ്രശസ്തിക്ക് വേണ്ടിയാണ് തന്നെ വിമര്‍ശിക്കുന്നത് എന്നാണ് അടൂര്‍ പറഞ്ഞത്. ഉത്തരവാദിത്വം ഇല്ലാത്ത നിലപാടാണ് അവരില്‍ നിന്നും ഉണ്ടായത് എന്ന് അടൂര്‍ ആരോപിച്ചു. ന്യൂ ജനറേഷന്‍ ഫിലിം മേക്കേര്‍സ് ആയ അവരില്‍ എന്താണ് പുതുതായി ഉള്ളതെന്ന് അടൂര്‍ ചോദിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായ ശങ്കര്‍ മോഹനെ ന്യായീകരിച്ച അടൂര്‍, അദ്ദേഹം തികഞ്ഞ പ്രഫഷണലാണ് എന്നാണ് പറഞ്ഞത്. അദ്ദേഹത്തിനെതിരായ ആരോപണം തെറ്റാണ്. പ്രഫഷണലായ ഒരു വ്യക്തിക്ക് വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറാന്‍ സാധിക്കില്ലെന്ന് അടൂര്‍ പറഞ്ഞു. കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് സ്ഥാനമില്ലെന്ന് അടൂര്‍ പറഞ്ഞു.

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ക്ക് കാരണം ഒരു സെക്യൂരിറ്റി ഗാര്‍ഡ് ആണെന്നും. 2014 മുതല്‍ മുന്‍ സൈനികനായ ഇയാളാണ് ഇവിടുത്തെ സുരക്ഷ ചുമതലക്കാരന്‍ എന്നും അടൂര്‍ പറഞ്ഞു. തന്‍റെ മദ്യത്തിന്റെ ക്വാട്ട കാണിച്ച് ഇയാള്‍ വിദ്യാര്‍ത്ഥികളെ മോഹിപ്പിച്ചു. 17 ചാക്ക് മദ്യ കുപ്പികളാണ് മെന്‍സ് ഹോസ്റ്റല്‍ പരിസരത്ത് നിന്നും കണ്ടെത്തിയത്.

ഇയാളെ പുറത്താക്കാന്‍ സെക്യൂരിറ്റി ചുമതലയുള്ള ഏജന്‍സിയോട് ആവശ്യപ്പെട്ടു. അവര്‍ അനുസരിച്ചെങ്കിലും ഇയാള്‍ പോകാന്‍ തയ്യാറായില്ല. ഇതിന്റെ പേരിലാണ് സമരം. കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ ഡയറക്ടര്‍ക്കൊപ്പമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തനിക്കെതിരെ ഉയര്‍ത്തുന്ന ജാതി ആരോപണങ്ങളില്‍ പ്രതികരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, ഇരുപതാം വയസില്‍ ജാതിപേര് മുറിച്ചുകളഞ്ഞയാളാണ് താന്‍ എന്നും, എന്നെ ജാതിയെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നും പറഞ്ഞു. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ വീട്ടില്‍ പണിയെടുക്കാന്‍ എത്തിയ രണ്ട് സ്ത്രീകളോട് മോശമായി അദ്ദേഹവും ഭാര്യയും പെരുമാറി എന്ന വാര്‍ത്തയോടും അടൂര്‍ പ്രതികരിച്ചു. കേരളത്തില്‍ ഇങ്ങനെ നടക്കും എന്ന് ആരെങ്കിലും വിശ്വസിക്കുമോ?, ഈ സംഭവത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഞാന്‍ ശങ്കര്‍ മോഹനോടും, ഭാര്യയോടും പറഞ്ഞിട്ടുണ്ടെന്നും അടൂര്‍ പറഞ്ഞു.

Top