കോവിഡ് വ്യാപനം; ഓണം, ക്രിസ്തുമസ് പരീക്ഷകള്‍ ഇത്തവണ ഉണ്ടാകില്ല

exam

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇത്തവണ ഓണപ്പരീക്ഷ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയും നടത്തേണ്ടെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അക്കാദമിക കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ ശുപാര്‍ശ നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ പറഞ്ഞു.

മാര്‍ച്ചില്‍ അക്കാദമിക വര്‍ഷം അവസാനിപ്പിക്കുന്നതിനു പകരം ഏപ്രില്‍, മേയ് മാസങ്ങളിലേക്കു കൂടി ദീര്‍ഘിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

ഡിസംബര്‍ വരെ സ്‌കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. തുറന്നാല്‍ പിന്നീട് അവധി നല്‍കാതെ എല്ലാ ദിവസവും ക്ലാസ് നടത്തേണ്ടി വരും. മേയില്‍ വാര്‍ഷിക പരീക്ഷ നടത്തിയാല്‍ മതിയെന്ന നിര്‍ദേശവും ഉയര്‍ന്നു.

പാഠഭാഗം കുറയ്‌ക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഓരോ പ്രായത്തിലും വിദ്യാര്‍ഥി പഠിച്ചിരിക്കേണ്ട കാര്യങ്ങളാണ് സിലബസിലുള്ളത്. അതില്‍ വെള്ളം ചേര്‍ക്കാനാകില്ല. ആവശ്യമാണെങ്കില്‍ നിശ്ചിത ഭാഗങ്ങള്‍ ഒഴിവാക്കും.

Top