മലപ്പുറത്ത് അടുത്ത ഞായറാഴ്ച ലോക്ക്ഡൗണ്‍ ഇല്ല

മലപ്പുറം: മലപ്പുറത്ത് അടുത്ത ഞായറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഓണം പ്രമാണിച്ചാണ് ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച് കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന വിപണന കേന്ദ്രങ്ങള്‍ അനുവദിക്കാനും യോഗം തീരുമാനിച്ചു. പഴം, പച്ചക്കറികള്‍ എന്നിവയാണ് ഇവയില്‍ പ്രധാനമായും വരുന്നത്.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിപണനം നടത്തേണ്ടത്. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. കിറ്റുകള്‍ ആവശ്യക്കാര്‍ക്ക് വീടുകളിലേക്കെത്തിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും.

Top