തിരുവനന്തപുരം: പാര്‍ട്ടി വിടുന്നതിലേക്ക് എത്തിയത് കോണ്‍ഗ്രസില്‍ നിന്നും നേരിട്ട അവഗണന മൂലമെന്ന് പത്മജാ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് പോകും. മൂന്ന് കൊല്ലം മുമ്പാണ് ഞാന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. തീരുമാനമെടുക്കും മുന്നേ ഒരുപാട് തവണ കെസി വേണുഗോപാലിനെ വിളിച്ചു. പക്ഷേ ഫോണ്‍ എടുത്തില്ല.
ഇലക്ഷന് വേണ്ടി പലരുടെയും അടുത്ത് നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയെന്നും പത്മജ ആരോപിച്ചു. പ്രിയങ്കയുടെപരിപാടിക്കായി എന്റെ കയ്യില്‍ നിന്നും പണം വാങ്ങി പറ്റിച്ചു. 50 ലക്ഷമാണ് ചോദിച്ചത്. 22 ലക്ഷം ഞാന്‍ നല്‍കി. അന്ന് പ്രിയങ്കക്കൊപ്പം വാഹനപര്യടനത്തില്‍ കയറേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റ് ചൂടായി.
ബിജെപിയോട് ഞാന്‍ ആവശ്യപ്പെട്ടത് പ്രവര്‍ത്തന സ്വാതന്ത്രം മാത്രമാണ്, സീറ്റ് വാഗ്ദാനമൊന്നും ബിജെപി നല്‍കിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെ മുരളീധരനെതിരെ പ്രചാരണത്തിന് ഇറങ്ങും. ഇനി കോണ്‍ഗ്രസിലേക്ക് ഇനിയൊരു തിരിച്ച് പോക്കില്ല. ഒരുപാട് പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും നേരിട്ടു. ആരും സഹായിക്കാനുണ്ടായില്ല. കെപിസിസി പ്രസിഡന്റിന് മുന്നില്‍ ഒരു ദിവസം പൊട്ടിക്കരയേണ്ടി വന്നിട്ടുണ്ട്. അത്രയേറെ അവഗണനയുണ്ടായി. കോണ്‍ഗ്രസില്‍ നിന്നും ഇനിയും കൊഴിഞ്ഞ് പോക്കുണ്ടാകുമെന്ന് ഉറപ്പാണെന്ന് പത്മജാ വേണുഗോപാല്‍ പറഞ്ഞു.